ലണ്ടന്‍: ഒടുവില്‍ നാലരക്കോടിയോളം വരുന്ന വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍െറ പുറത്തേക്കുള്ള തീരുമാനത്തെ അനുകൂലിച്ച് വിധിയെഴുതി. 28 അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റച്ചോദ്യത്തിന് ‘വേണ്ട’ എന്ന് ഭൂരിഭാഗം പേരും അനുകൂലിച്ചു. തീരുമാനമറിഞ്ഞ ശേഷം പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഒക്ടോബറില്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. ലിസ്ബന്‍ കരാറിലെ 50ാം വകുപ്പ് പ്രകാരം യൂറോപ്യന്‍ യൂനിയനില്‍ അംഗമായിട്ടുള്ള രാജ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തേക്കുപോകാന്‍ അധികാരമുണ്ട്. ബ്രെക്സിറ്റിനെ അനുകൂലിച്ചാണ് ഫലമെങ്കില്‍ സര്‍ക്കാര്‍ ഈ വകുപ്പനുസരിച്ച്  ബ്രെക്സിറ്റിനു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കാമറണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍  ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടാം.

ആ കാലയളവില്‍ യൂറോപ്യന്‍ യൂനിയന്‍െറ നിയമങ്ങള്‍ അനുസരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരാവും. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാരബന്ധങ്ങള്‍ തുടരാം. എന്നാല്‍, വ്യാപാരം സംബന്ധിച്ച ആഭ്യന്തര തീരുമാനങ്ങളിലും ചര്‍ച്ചകളിലും ബ്രിട്ടന് സ്ഥാനമുണ്ടവില്ല. ‘പുറത്തായാല്‍ പിന്നീടൊരിക്കലും മടങ്ങിവരവുണ്ടാവില്ല. ബ്രിട്ടന്‍ പുറത്തേക്കു പോവണമെന്നാണ് വിധിയെഴുത്തെങ്കില്‍ നാം പുറത്തായതുതന്നെ. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടുകതന്നെ വേണം’-സണ്‍ഡെ ടെലിഗ്രാഫിന് അനുവദിച്ച അഭിമുഖത്തിനിടെ കാമറണ്‍ സൂചിപ്പിച്ചിരുന്നു. ഹിതപരിശോധനയില്‍ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ ബ്രിട്ടീഷ്  പ്രധാനമന്ത്രി യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്‍റിന് ഇതു സംബന്ധിച്ച് കത്തെഴുതും. രണ്ടു വര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഒൗദ്യോഗികമായി ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ കഴിയൂ.50ാം വകുപ്പ് പ്രാബല്യത്തിലായാല്‍ ഇ.യുവിലെ 27 അംഗരാജ്യങ്ങള്‍ ബ്രെക്സിറ്റിനെ കുറിച്ച് കൂടിയാലോചന നടത്തും.  അതിനു ശേഷം ഇ.യുവില്‍ നിന്ന് വേര്‍പെടുന്ന കരാര്‍  ബ്രിട്ടന് കൈമാറും.  ജൂണ്‍ 28, 29 തീയതികളില്‍ ബ്രെക്സിറ്റ് ചര്‍ച്ച ചെയ്യാന്‍ ഉച്ചകോടി ചേരും. യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ചര്‍ച്ചകളില്‍ കാമറണും പങ്കാളിയാവും.
ബ്രെക്സിറ്റ് വോട്ടെടുപ്പ് ചര്‍ച്ചചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രത്യേകമായി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.
ആഗോളതലത്തില്‍ വന്‍ ചലനമുണ്ടാക്കും

 യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള ബ്രിട്ടന്‍െറ പിന്മാറ്റം ആഗോള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക. യൂറോപ്യന്‍ യൂനിയന്‍െറ കെട്ടുറപ്പിനെ മറ്റു അംഗരാജ്യങ്ങളെയും ഇത് ബാധിക്കും. അന്തര്‍ദേശീയ രാഷ്ട്രീയത്തിലും ആഗോള സാമ്പത്തിക രംഗത്തും ഇ.യുവില്‍നിന്നുള്ള ബ്രിട്ടന്‍െറ പിന്മാറ്റം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ബ്രെക്സിറ്റ് ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍തന്നെ ഇതിന്‍െറ സൂചന വിപണിയില്‍ പ്രതിഫലിച്ചു. ബ്രിട്ടീഷ് പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലത്തെി.

വിധിപ്രഖ്യാപനത്തെ തുടര്‍ന്ന് പൗണ്ടിന്‍െറ വില ആടിയുലഞ്ഞു. 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് പൗണ്ടിന്‍െറ മൂല്യമിടിഞ്ഞത്. പൗണ്ടിന്‍െറ വില ഇനിയും താഴേക്കത്തെുമെന്നാണ് വിലയിരുത്തലുകള്‍. ആടിയുലയുന്ന വിപണി പിടിച്ചുകെട്ടാന്‍ യൂറോപ്യന്‍ കേന്ദ്രബാങ്ക് നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂനിയനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബ്രസല്‍സില്‍ സമ്മേളിക്കുന്നുണ്ട്. യൂറോപ്യന്‍ കമീഷന്‍ മേധാവി ജീന്‍ ക്ളൗഡ് ജങ്കര്‍, യൂറോപ്യന്‍ പാര്‍ലമെന്‍റ് മേധാവി മാര്‍ട്ടിന്‍ ഷല്‍സ്, ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുത്തെ എന്നിവര്‍ ഇ.യു ബ്രെക്സിറ്റ് അതിജീവിക്കുമോ?
 
സാമ്പത്തികം, വ്യാപാരം, കുടിയേറ്റം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക പ്രതിഫലനമാണ് ബ്രെക്സിറ്റ് സൃഷ്ടിക്കാന്‍ പോകുന്നത്. യൂറോപ്യന്‍ യൂനിയനില്‍ ജര്‍മനിയോളംതന്നെ ശക്തമായ രാഷ്ട്രമാണ് ബ്രിട്ടന്‍ എന്നതിനാല്‍ അത് കെട്ടുറപ്പിനെ ബാധിക്കും. 28 അംഗങ്ങളുള്ള യൂറോപ്യന്‍ യൂനിയനില്‍നിന്ന് ആദ്യം പുറത്തുപോകുന്ന രാജ്യമാണ് ബ്രിട്ടന്‍. 43 വര്‍ഷമായി യൂറോപ്യന്‍ രാജ്യങ്ങളുമായി ബ്രിട്ടന്‍ തുടര്‍ന്നുവന്ന സാമ്പത്തിക സഖ്യത്തിന് അന്ത്യം കുറിക്കാനൊരുങ്ങുന്നത്.

യൂറോപ്യന്‍ യൂനിയന്‍െറ പ്രബല അംഗങ്ങളിലൊന്നായ ബ്രിട്ടന്‍െറ പിന്മാറ്റം കുടിയേറ വിഷയത്തിലും സാമ്പത്തിക കാര്യത്തിലുമാണ് ഇ.യുവില്‍ പ്രതിഫലിക്കുക. യൂറോപ്യന്‍ യൂനിയന്‍െറ അഭയാര്‍ഥിനിയമപ്രകാരം ഒരു നിശ്ചിത ശതമാനം ആളുകളെ സ്വീകരിക്കാന്‍ ബ്രിട്ടന്‍ ബാധ്യസ്ഥരാണ്. നിലവില്‍ 3.62 ലക്ഷം കുടിയേറ്റക്കാരെ ബ്രിട്ടന്‍ സ്വീകരിച്ചുകഴിഞ്ഞു. കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം ലക്ഷമായി കുറക്കാന്‍ കഴിയുമെന്നായിരുന്നു ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെ വാദങ്ങളിലൊന്ന്. ബ്രിട്ടന്‍ പിന്‍വാങ്ങുന്നതോടെ അധികം വരുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം ഇ.യുവിന് തലവേദനയാകും. അതുപോലെ ബ്രിട്ടനില്‍നിന്ന് 45 ശതമാനത്തോളം കയറ്റുമതി യൂറോപ്യന്‍ യൂനിയനിലേക്കായിരുന്നു. അത് ക്രമേണ നിലക്കുന്നതോടെ യൂറോപ്പിന്‍െറ സാമ്പത്തികസ്രോതസ്സുകളിലൊന്ന് അടയും. ബ്രെക്സിറ്റ് ഇ.യുവിനെ മാത്രമല്ല, പടിഞ്ഞാറന്‍ രാഷ്ട്രീയ സംസ്കാരത്തെതന്നെ ഇല്ലാതാക്കുമെന്ന് യൂനിയന്‍ പ്രസിഡന്‍റ് ഡൊണാള്‍

1958ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച യൂറോപ്യന്‍ ഇക്കണോമിക് കമ്മിറ്റിയാണ് 1993ല്‍ യൂറോപ്യന്‍ യൂനിയന്‍ ആയത്. പൊതുവിപണി, സ്വതന്ത്രമായ സഞ്ചാരം, പൊതുനാണയം, പൊതുനിയമങ്ങള്‍ എന്നിവ യൂറോപ്യന്‍ യൂനിയന്‍ നടപ്പാക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്‍റാണ് പരമോന്നത ഭരണസ്ഥാപനം. ജനസംഖ്യയുടെ അനുപാതത്തില്‍ അംഗരാജ്യങ്ങള്‍ക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത് അയക്കാം. പ്രസിഡന്‍റ് ഉള്‍പ്പെടെ നിലവില്‍ 751 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ഉള്ളത്. ബ്രിട്ടന് നിലവില്‍ 73 അംഗങ്ങളാണ് പാര്‍ലമെന്‍റില്‍ ഉള്ളത്. യൂറോ പൊതു നാണയമാണെങ്കിലും 19 രാജ്യങ്ങളേ ഇത് പൂര്‍ണമായും സ്വീകരിച്ചിട്ടുള്ളൂ. ഈ രാജ്യങ്ങള്‍ യൂറോ സോണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു. ബ്രിട്ടന്‍ യൂറോ സോണിന് പുറത്താണ്. അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന രാജ്യങ്ങള്‍ ഷെന്‍ഗന്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു. ബ്രിട്ടന്‍ അതില്‍ ഉള്‍പ്പെടില്ല.

ആഗോള വിപണികളും കുലുങ്ങി

 ബ്രെക്സിറ്റ് ഫലം ആഗോളവിപണികളെ പിടിച്ചുകുലുക്കി. യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ കൂപ്പുകുത്തി. ബ്രിട്ടനിലെ എഫ്.ടി.എസ്.ഇ (ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക് എക്സ്ചേഞ്ച്) അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു. ബാങ്കുകളുടെ ഓഹരികളാണ് ഏറ്റവും തകര്‍ച്ച നേരിട്ടത്. ബാര്‍ക്ളെയ്സ് 20 ശതമാനത്തോളവും റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡ്് 17 ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി.
പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് ഓഹരി വിപണികളും ഏഴ് ശതമാനത്തിലേറെ തകര്‍ന്നു. ടോക്യോ ഓഹരി വിപണി എട്ട് ശതമാനത്തിലേറെയും സിഡ്നി വിപണി 3.7 ശതമാനവും സോള്‍ വിപണി 3.5 ശതമാനവും ഇടിഞ്ഞു. ഷാങ്ഹായ്, തായ്പേയ്, വെല്ലിങ്ടണ്‍, മനില, ജക്കാര്‍ത്ത, ഹോങ്കോങ് വിപണികളും കനത്ത നഷ്ടം നേരിട്ടു. അമേരിക്കന്‍ ഓഹരി വിപണിയും കനത്ത തകര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു. 25000 കോടി പൗണ്ട് കൂടി വിപണിയിലത്തെിക്കുമെന്ന് ഉറപ്പുനല്‍കി വിപണിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമവും അദ്ദേഹം നടത്തി.  അധിക പണലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അറിയിച്ചു.  ഫലത്തത്തെുടര്‍ന്ന് എണ്ണ വിലയിലും ഇടിവുണ്ടായി. ബ്രെന്‍റ് ക്രൂഡിന്‍െറ വില 5.2 ശതമാനം കുറഞ്ഞു.

ഫലം ആഘോഷമാക്കി തീവ്ര വലതുപക്ഷം

മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാന ഹിതപരിശോധന വേണമെന്ന് ആവശ്യം
ലണ്ടന്‍: ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ ഫ്രാന്‍സിലെ പ്രമുഖ കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ ഫ്രണ്ട് നാഷനലിന്‍െറ നേതാവ് മരീന്‍ ലീ പിന്നിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഒടുവില്‍ ബ്രിട്ടീഷ് ജനത ശരിയായ തീരുമാനമെടുത്തിരിക്കുന്നു.’ ഫ്രാന്‍സില്‍ യൂറോവിരുദ്ധ നിലപാട് 80കളുടെ അവസാനം മുതലേ സ്വീകരിച്ച പാര്‍ട്ടിയാണ്  ഫ്രണ്ട് നാഷനല്‍.  യൂറോപ്പിലെ സമാനമനസ്കരായ കുടിയേറ്റവിരുദ്ധരും തീവ്രദേശീയവാദികളുമായ തീവ്ര വലതുപക്ഷ കക്ഷികള്‍ ഇപ്പോള്‍ ബ്രെക്സിറ്റ് ഫലം ആഘോഷിക്കുകയാണ്. യൂറോപ്യന്‍ യൂനിയന്‍െറ നിയന്ത്രണങ്ങളില്‍നിന്ന് മാറി തീവ്രദേശീയതയിലധിഷ്ഠിതമായ ഒരു രാഷ്ട്രനയം മുന്നോട്ടുവെക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ ബ്രെക്സിറ്റ് പ്രചാരണവേളയില്‍തന്നെ ‘സ്വതന്ത്ര’ ബ്രിട്ടനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. അവരുടെ പ്രചാരണവും കാര്യമായ സ്വാധീനം ചെലുത്തിയെന്ന് ഹിതപരിശോധനാ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍, ബ്രെക്സിറ്റ് മാതൃകയില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഫലം പുറത്തുവന്നയുടന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഡന്മാര്‍ക്ക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ കക്ഷികളാണ് തങ്ങളുടെ രാജ്യത്തും ഹിതപരിശോധനക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്രഞ്ച് ജനതക്കും സ്വയം നിര്‍ണയാവകാശത്തിനുള്ള അവസരം നല്‍കണമെന്ന് വെള്ളിയാഴ്ച ആര്‍.ടി.എല്‍ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ മരീന്‍ പറഞ്ഞു. മുമ്പ് അസാധ്യമെന്ന് കരുതിയിരുന്ന കാര്യമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്നും ഈ വിജയത്തില്‍ കോടിക്കണക്കിനാളുകള്‍ക്കൊപ്പം താനും ആഹ്ളാദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം, വിയനയില്‍ തീവ്ര വലതുപക്ഷ കക്ഷികളുടെ ഒരു സമ്മേളനത്തിലും അവര്‍ ഫ്രാന്‍സില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകാന്‍ ഇംഗ്ളീഷുകാരെക്കാള്‍ ഫ്രഞ്ച് ജനതക്ക് ആയിരം കാരണങ്ങളുണ്ടെന്നായിരുന്നു അവരുടെ വാക്കുകള്‍.

ഹിതപരിശോധന ആവശ്യം നെതര്‍ലന്‍ഡ്സിലെ പാര്‍ട്ടി ഫോര്‍ ഫ്രീഡം എന്ന കക്ഷിയും ഉന്നയിച്ചു. ‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു രാജ്യം വേണം, ഞങ്ങളുടേത് മാത്രമായ കറന്‍സിയും അതിര്‍ത്തിയും വേണം, ഞങ്ങള്‍ക്കുമാത്രമായി ഒരു കുടിയേറ്റനയവും വേണം’ -പാര്‍ട്ടി നേതാവ് വില്‍ഡേഴ്സിന്‍െറ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇറ്റലിയിലെ നോര്‍തേണ്‍ ലീഗിന്‍െറ നേതാവ് മാറ്റിയോ സാല്‍വീനിയും സമാന ആവശ്യം ഉന്നയിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടു. സ്വീഡനിലെ സ്വീഡന്‍ ഡെമോക്രാറ്റും തങ്ങളുടെ രാജ്യത്ത് ഹിതപരിശോധന ആവശ്യപ്പെട്ടു. ബ്രെക്സിറ്റിനുശേഷം ഇനി ‘സ്വെ്സിറ്റ്’ ആവട്ടെ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഡന്മാര്‍ക്കിലെ ഡാനിഷ് പോപ്പുലിസ്റ്റ് പാര്‍ട്ടിയും ജര്‍മനിയിലെ എ.എഫ്.ഡി പാര്‍ട്ടിയും ബ്രെക്സിറ്റ് ഫലത്തെ ബ്രിട്ടന്‍െറ സ്വാതന്ത്ര്യദിനമെന്നാണ് വിശേഷിപ്പിച്ചത്.
അടുത്തകാലത്തായി യൂറോപ്പിലാകമാനം കുടിയേറ്റ വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ ഇവിടത്തെ തീവ്രവലതുപക്ഷ വാദികള്‍ക്ക് കാര്യമായ പങ്കുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സജീവമായ രാഷ്ട്രീയ മുഖ്യധാരയില്ലായിരുന്ന ഈ പ്രസ്ഥാനങ്ങള്‍ വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍റില്‍വരെ സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് ആദ്യം മുതലേ രംഗത്തുള്ള പ്രസ്ഥാനമായിരുന്നു യു.കെ.ഐ.പി. 1994 മുതല്‍ മത്സരരംഗത്തുള്ള ഈ പാര്‍ട്ടിയുടെ ഒരു പ്രതിനിധി കഴിഞ്ഞവര്‍ഷം ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റിവ്, ലേബര്‍ പാര്‍ട്ടികളില്‍നിന്ന് യു.കെ.ഐ.പിയിലേക്ക് അംഗങ്ങളുടെ വന്‍ ഒഴുക്കുണ്ടായതും സമീപകാലത്തെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു. 2014ലെ യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 73 സീറ്റില്‍ മത്സരിച്ച യു.കെ.ഐ.പി 24ലും വിജയിക്കുകയുണ്ടായി. ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ മനോഭാവം വളര്‍ന്നുവരുന്നുവെന്നതിന്‍െറ ഏറ്റവും വലിയ തെളിവായാണ് ഈ വിജയത്തെ പലരും വിലയിരുത്തിയത്. ഫ്രാന്‍സില്‍ ലീ പെന്നിന്‍െറ പാര്‍ട്ടിയും സമാനമായ പ്രകടനമാണ് അടുത്തകാലത്ത് കാഴ്ചവച്ചത്. ഫ്രഞ്ച് ദേശീയ അസംബ്ളിയില്‍ അവര്‍ക്ക് ഒരു സീറ്റുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ 24ലും. 10 വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടി ഫോര്‍ ഫ്രീഡം നെതര്‍ലന്‍ഡ്സില്‍ ശക്തമായ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇവിടെ പാര്‍ട്ടി നേതാവ് വില്‍ഡേഴ്സിന് വ്യക്തമായ മുന്‍തൂക്കമുള്ളതായി സര്‍വേകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ, നടന്ന മറ്റൊരു സര്‍വേയില്‍ രാജ്യത്തെ 54 ശതമാനം പേരും യൂറോപ്യന്‍ യൂനിയനോട് താല്‍പര്യമില്ലാത്തവരാണ്. ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും എത്തിയ അഭയാര്‍ഥികളെ യൂറോപ് സ്വീകരിക്കരുതെന്ന പരസ്യനിലപാട് സ്വീകരിച്ച പ്രസ്ഥാനങ്ങളാണിവ. ഇവരുടെ രാഷ്ട്രീയ സ്വാധീനം വര്‍ധിച്ചെന്നാണ് ബ്രെക്സിറ്റ് ഫലം നല്‍കുന്ന ഏറ്റവും വലിയ പാഠം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.