ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം

പാരിസ്: ഫ്രാന്‍സില്‍ തുറമുഖ നഗരമായ കലായിസിലെ താല്‍ക്കാലിക ക്യാമ്പില്‍ കഴിയുന്ന ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം. തിങ്കളാഴ്ച രാത്രിയാണ് ടെന്‍റുകള്‍ പൊളിക്കാനത്തെിയ ജോലിക്കാരെ തടഞ്ഞ അഭയാര്‍ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.
കഴിഞ്ഞയാഴ്ചയുണ്ടായ കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രദേശത്തെ 20ഓളം താല്‍ക്കാലിക ടെന്‍റുകള്‍ പൊളിക്കാന്‍ പൊലീസ് സംരക്ഷണത്തില്‍ ജോലിക്കാരത്തെിയത്. സംഘര്‍ഷത്തിനിടെ ഇംഗ്ളണ്ടിലേക്കുള്ള റോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ തടയുകയും ആക്രമിക്കുകയും ചെയ്തെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
3700ഓളം അഭയാര്‍ഥികളാണ്  ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ഉറ്റവരില്ലാതെ കഴിയുന്ന 200 കുട്ടികളുമുണ്ട്. ചൊവ്വാഴ്ച രാവിലെ ക്യാമ്പുകളിലത്തെിയ ചിലര്‍  ബലംപ്രയോഗിച്ച്  കെട്ടിയുയര്‍ത്തിയ  ടെന്‍റുകള്‍ പൊളിക്കുകയായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. താപനില വെറും ആറു ഡിഗ്രിയായിരുന്ന രാത്രിയിലായിരുന്നു കുടിയൊഴിപ്പിക്കല്‍.
സംഘര്‍ഷത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നീക്കം തിങ്കളാഴ്ച നിര്‍ത്തിവെച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. ശ്രമം തടയാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഏതാനും സന്നദ്ധപ്രവര്‍ത്തകരും പന്ത്രണ്ടോളം ക്യാമ്പ് നിവാസികളും ചേര്‍ന്ന് ടെന്‍റുകള്‍ക്ക് മേല്‍ കയറി ഇരുന്ന് നീക്കം തടഞ്ഞു. തുടര്‍ന്ന് പൊലീസ് വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു.
പൊലീസ് നടപടിയില്‍ മൈഗ്രന്‍റ്സ് ഹോസ്റ്റല്‍ ചാരിറ്റി എന്ന സംഘടന പ്രതിഷേധിച്ചു. പ്രദേശത്തെ മാലിന്യകേന്ദ്രത്തിന് മുകളില്‍ പണിത ടെന്‍റുകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഫ്രാന്‍സിലെ മറ്റു ഭാഗങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള നീക്കത്തെയാണ് അഭയാര്‍ഥികള്‍ ചെറുത്തത്. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ഫ്രാന്‍സിനുമേല്‍ ഇംഗ്ളണ്ടും സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഒഴുക്കുതടയാന്‍ ധനസഹായവും ഇംഗ്ളണ്ട് ഫ്രാന്‍സിനു നല്‍കുന്നുണ്ട്. അഭയാര്‍ഥി പ്രശ്നമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.