ജര്‍മന്‍ പ്രാദേശിക തെരഞ്ഞെടുപ്പ് മെര്‍കലിന് തിരിച്ചടി; കുടിയേറ്റവിരുദ്ധ കക്ഷിക്ക് മുന്നേറ്റം


ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ അഭയാര്‍ഥിനയത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കി പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം. ഞായറാഴ്ച മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അംഗലയുടെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സി.ഡി.യു) വന്‍ പരാജയമാണ് നേരിട്ടത്. രണ്ടിടത്ത് അംഗലയുടെ പാര്‍ട്ടിയെ അഭയാര്‍ഥിവിരുദ്ധ കക്ഷിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയും (എ.എഫ്.ഡി) ഒരിടത്ത് സോഷ്യല്‍ ഡെമോക്രാറ്റുകളും മലര്‍ത്തിയടിച്ചു. രണ്ടാം ലോകയുദ്ധകാലം മുതല്‍ സി.ഡി.യു ആധിപത്യം തുടരുന്ന ബാദന്‍ വൂര്‍ട്ടംബര്‍ഗിലും സാക്സണി എന്‍ഹാലറ്റിലുമാണ് മൂന്നു വര്‍ഷം മുമ്പുമാത്രം നിലവില്‍വന്ന എ.എഫ്.ഡി തോല്‍പിച്ചത്. റെയ്ന്‍ലാന്‍ഡ് പലാറ്റിനേറ്റില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു. മൂന്നുവര്‍ഷം മുമ്പ് രൂപവത്കരിക്കപ്പെട്ടശേഷം ആദ്യമായി പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ത്തന്നെ മിന്നുംവിജയം നേടിയിരിക്കുകയാണ് ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി. അംഗലയുടെ ഉദാരമായ അഭയാര്‍ഥിനയത്തിന്‍െറ കടുത്ത എതിരാളികളായിരുന്നു ഇവര്‍. മെര്‍കല്‍ കഴിഞ്ഞ വര്‍ഷം 10 ലക്ഷം അഭയാര്‍ഥികളെയാണ് ജര്‍മനിയിലേക്ക് സ്വീകരിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന അഭയാര്‍ഥികളെ പൊലീസ് വെടിവെച്ചുകൊല്ലണമെന്നായിരുന്നു അന്ന് എ.എഫ്.ഡി ആഹ്വാനം.
തെരഞ്ഞെടുപ്പുഫലം അത്യുജ്ജ്വലമാണെന്നു പറഞ്ഞ എ.എഫ്.ഡി നേതാവ് ആന്‍ഡ്രി പോഗന്‍ബര്‍ഗ്, രാജ്യം കണ്ട ഏറ്റവും കഴിവുകെട്ട ചാന്‍സലറാണ് അംഗലാ മെര്‍കലെന്ന് വിശേഷിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.