ഉര്‍ദുഗാനുമായി അഭിപ്രായഭിന്നത; തുര്‍ക്കി പ്രധാനമന്ത്രി രാജിവെച്ചു

അങ്കാറ: തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു രാജിവെച്ചു. പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാഷ്ട്രത്തലവന്‍െറ അധികാരപരിധി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്‍െറ പ്രധാന ഉപദേഷ്ടാവുകൂടിയായിരുന്ന ദാവൂദ് ഒഗ്ലുവിന്‍െറ രാജിതീരുമാനം. ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരം കണ്ടത്തൊന്‍ ബുധനാഴ്ച നടത്തിയ സംഭാഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. സംഭാഷണവേളയില്‍ പ്രധാനമന്ത്രി രാജിവെക്കുന്നതാകും ഉചിതമെന്ന് ഉര്‍ദുഗാന്‍ നിര്‍ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഭരണകക്ഷിയായ അക്പാര്‍ട്ടിയിലെ ഐക്യം നിലനിര്‍ത്തുക എന്നതാണ് തന്‍െറ രാഷ്ട്രീയ ഉദ്ദേശ്യമെന്ന് ദാവൂദ് ഒഗ്ലു വിശദീകരിച്ചു. തനിക്ക് ഏതെങ്കിലും വ്യക്തിയോട് രോഷമോ വിരോധമോ ഇല്ളെന്നും പ്രസിഡന്‍റ് ഉര്‍ദുഗാന്‍െറ ആദര്‍ശത്തെയും അന്തസ്സിനേയും പൂര്‍ണമായി മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അംഗമായി തുടരും. പാര്‍ട്ടിക്കകത്തുനിന്ന് സമരങ്ങള്‍ നടത്താനും ശ്രമിക്കും. പാര്‍ലമെന്‍റംഗത്വം രാജിവെക്കാനും ഉദ്ദേശ്യമില്ല.
പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍കുറച്ച് പ്രസിഡന്‍ഷ്യല്‍ ഭരണരീതി സംസ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഉര്‍ദുഗാന് പാര്‍ട്ടിയില്‍ വ്യാപകമായ പിന്തുണയാണുള്ളത്. നേരത്തേ പ്രധാനമന്ത്രി ആയിരുന്ന ഉര്‍ദുഗാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്‍റായി 2014ല്‍ തെരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ പ്രസിഡന്‍റ് എന്ന ആലങ്കാരികപദവിയെ കണിശമായ അധികാരാവകാശങ്ങളുള്ള പദവിയിലേക്കുയര്‍ത്താന്‍ ഘട്ടംഘട്ടമായി നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് ദാവൂദ് ഒഗ്ലുവുമായുള്ള വിയോജിപ്പുകള്‍ രൂക്ഷമായതെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
മുന്‍ വിദേശകാര്യമന്ത്രിയും പ്രഫസറുമായ ദാവൂദ് ഒഗ്ലു ഉര്‍ദുഗാനുമായി കൂടിയാലോചന നടത്താതെ കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ട്ടി എക്സിക്യൂട്ടിവില്‍ പ്രതിഷേധമുയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കുര്‍ദ് തീവ്രവാദികളുമായി സംഭാഷണം പുനരാരംഭിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം ഉര്‍ദുഗാന്‍ നിരാകരിച്ചതും ഭിന്നത മൂര്‍ച്ഛിപ്പിച്ചിരുന്നു. ഈമാസം 22ന് ചേരുന്ന പാര്‍ട്ടി കണ്‍വെന്‍ഷന്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടത്തെും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.