മദർ തെരേസുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങുകൾ തുടങ്ങി

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുനിന്നും ഒഴുകിയത്തെിയ ജനലക്ഷങ്ങള്‍ പ്രാര്‍ഥനയിലാണ്; കാരുണ്യത്തിന്‍െറ ഉറവവറ്റാത്ത പ്രവാഹമായി ആ പ്രാര്‍ഥന സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ ചത്വരത്തെ ശുദ്ധീകരിക്കുന്നു. കാത്തിരിപ്പിന് ഇന്ന് വിരാമം. അഗതികളുടെ അമ്മ മദര്‍ തെരേസയെ  ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കും.

സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വത്തിക്കാന്‍ സമയം രാവിലെ 10.30ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടിന്) വിശുദ്ധ പ്രഖ്യാപന ചടങ്ങുകൾ തുടങ്ങി. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായുള്ള പ്രാരംഭ പ്രാര്‍ഥന മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ശനിയാഴ്ച തുടങ്ങി. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മദറിന്‍െറ ഛായാചിത്രം ഉയര്‍ന്നിട്ടുണ്ട്. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചടങ്ങില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്യാസിനികള്‍ സന്നിഹിതരാകും.

മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതപ്രവൃത്തികള്‍ നടന്നതായി സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് അവരെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചത്. അദ്ഭുതപ്രവൃത്തി നടന്നുവെന്ന സാക്ഷ്യപ്പെടുത്തലിന് വത്തിക്കാന്‍െറ ആദ്യ അംഗീകാരമുണ്ടായത് 2002ലാണ്. വയറ്റില്‍ അര്‍ബുദം ബാധിച്ച മോണിക്ക ബെസ്റയെന്ന ബംഗാളി ആദിവാസി സ്ത്രീയുടെ രോഗം ഭേദപ്പെടുത്തിയതായിരുന്നു ഒന്ന്. മദറിന്‍െറ പ്രാര്‍ഥനയിലൂടെ രോഗം ഭേദപ്പെട്ടതായി പിന്നീട് ബ്രസീലില്‍നിന്ന് സാക്ഷ്യപ്പെടുത്തലുണ്ടായി. ഇതും സഭ അംഗീകരിച്ചതോടെയാണ് അവരുടെ വിശുദ്ധ പദവിയിലേക്ക് വഴി തുറന്നത്.

കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി എന്നിവരും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും സംഘത്തിലുണ്ട്. ഒൗദ്യോഗിക സംഘത്തിനുപുറമെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘവും വത്തിക്കാനിലത്തെിയിട്ടുണ്ട്.

45 ബിഷപ്പുമാരും ഇന്ത്യയില്‍നിന്ന് വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് മദറിന്‍െറ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കൊല്‍ക്കത്തയിലും പരിപാടികള്‍ നടന്നുവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.