മോസ്കോ: റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പിന്തുണക്കുന്ന യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വിജയം. 90 ശതമാനത്തിലധികം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 55 ശതമാനത്തോളം പേരുടെ പിന്തുണയും 450 അംഗ പാര്‍ലമെന്‍റിലെ 343 സീറ്റും യുനൈറ്റഡ് റഷ്യ നേടി. തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞിരുന്നു.
ഇത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ മുഖ്യകക്ഷികളില്‍ ആശങ്ക നിലനിന്നിരുന്നു. ഏറ്റവും നല്ല ഫലംതന്നെ പാര്‍ട്ടി നേടിയെന്ന് പുടിന്‍ പ്രതികരിച്ചു. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും നാഷനലിസ്റ്റ് പാര്‍ട്ടിയും 13 ശതമാനം വോട്ടാണ് നേടിയത്. റഷ്യ പാര്‍ട്ടി ആറു ശതമാനം വോട്ടും നേടി. സ്റ്റേറ്റ് ഡ്യൂമ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിലെ പ്രധാനകക്ഷികള്‍ ഈ നാലു പാര്‍ട്ടികളാണ്. എന്നാല്‍, ചില പ്രദേശങ്ങളില്‍ വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പോളിങ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് നിയമാനുസൃതമായിരുന്നെന്നും കമീഷന്‍ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് വ്യാപക തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി നിരീക്ഷണ സംഘങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നാണ് സര്‍ക്കാറിന്‍െറ വാദം.
2011ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ടാണ് യുനൈറ്റഡ് റഷ്യ നേടിയിരുന്നത്. പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് ആണ് പാര്‍ട്ടിയുടെ നേതാവ്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിങ് 60 ശതമാനമായിരുന്നു. ഇപ്രാവശ്യത്തെ പോളിങ് ശതമാനം റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014ല്‍ റഷ്യയോട് ചേര്‍ക്കപ്പെട്ട ക്രീമിയയിലെ ജനങ്ങള്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്. അന്താരാഷ്ട്രതലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ട നീക്കമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.