സ്റ്റോക്ഹോം: സമാധാന െനാേബൽ പുരസ്കാരം ഡെന്നിസ് മുക്വെജെക്കും നാദിയ മുറാദിനും. യുദ്ധത്തിലും ആഭ്യന്തര സംഘർഷത്തിലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കുവേണ്ടി പ്രവർത്തിച്ചതിനും പീഡനങ്ങളും അടിച്ചമർത്തലും തുറന്നുകാട്ടിയതിനുമാണ് ഇരുവർക്കും 2018ലെ പുരസ്കാരം സമ്മാനിക്കുന്നതെന്ന് നോബൽ സമിതി അറിയിച്ചു.
യുദ്ധകുറ്റകൃത്യങ്ങൾക്കെതിരെ സ്വന്തം ജീവൻ പണയം പണയംവെച്ച് പോരാടിയ ഇവർ ഇരകൾക്ക് നീതി ലഭ്യമാക്കാനും ധീരതയോടെ പ്രവർത്തിച്ചുവെന്ന് സമിതി വിലയിരുത്തി. കോംഗോയിൽ ഡോക്ടറായ ഡെന്നിസ് മുക്വെജെ(63) രാജ്യത്ത് അഭ്യന്തര സംഘർഷത്തിനിടെ ബലാത്സംഗംചെയ്യപ്പെട്ട ആയിരക്കണക്കിന് ഇരകളെ ചികിത്സിച്ചു.
ഗൈനക്കോളജിസ്റ്റായ ഇദ്ദേഹം 1999ലാണ് കോംഗോയിലെ ബുക്കാവുവിൽ ആശുപത്രി സ്ഥാപിച്ചത്. 2012ൽ മുക്വെജെക്കു നേരെ വധശ്രമമുണ്ടായിട്ടുണ്ട്. 2014ൽ ഇറാഖിൽ െഎ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ യസീദി വംശജയായ നാദിയ മുറാദ്(25) നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു.
മൂന്നു മാസത്തിനു ശേഷം െഎ.എസ് തടവിൽനിന്ന് രക്ഷപ്പെട്ട ഇവർ താനും മറ്റുള്ളവരും അനുഭവിച്ച കൊടുംപീഡനം വെളിപ്പെടുത്തി. വടക്കൻ ഇറാഖിലെ സിൻജാർ ജില്ലയിൽ നിന്നാണ് നാദിയ മുറാദിനെയും 3,000 യസീദി സ്ത്രീകളെയും െപൺകുട്ടികളെയും െഎ.എസ് തട്ടിക്കൊണ്ടുപോയത്.
2016ൽ 23ാം വയസ്സിൽ നാദിയ മുറാദിനെ, മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ടവർക്ക് പുതുപ്രതീക്ഷകൾ നൽകാനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയുടെ ആദ്യഗുഡ്വിൽ അംബാസഡറായി നിയമിച്ചു. മലാല യൂസുഫ് സായിക്കു ശേഷം െനാേബൽ സമാധാന സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.