ആംനസ്റ്റി വാര്‍ഷിക റിപ്പോര്‍ട്ട്: മനുഷ്യാവകാശ ലംഘനങ്ങളും വിദ്വേഷപ്രചാരണവും വര്‍ധിച്ചു

പാരിസ്: ലോകത്താകമാനം മനുഷ്യാവകാശ ലംഘനങ്ങളും വിദ്വേഷപ്രചാരണവും മുമ്പില്ലാത്തവിധം വര്‍ധിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. ഇത്തരത്തില്‍ ആഗോള സാഹചര്യം മാറുന്നതില്‍ അമേരിക്ക, ഹംഗറി, തുര്‍ക്കി, ഫിലിപ്പീന്‍സ് എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്‍റുമാര്‍ക്ക് പങ്കുള്ളതായും മനുഷ്യാവകാശ സംഘടന പുറത്തുവിട്ട 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

1930കള്‍ക്കു ശേഷം ഇത്രയും കൂടുതല്‍ അവകാശലംഘനങ്ങളും വിദ്വേഷപ്രചാരണങ്ങളും മറ്റൊരു കാലത്തുമുണ്ടായിട്ടില്ളെന്നും 408 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ താല്‍പര്യങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഒരു തടസ്സമായി തോന്നുന്ന ലോകക്രമം രൂപപ്പെട്ടിരിക്കയാണ്. മനുഷ്യ ചരിത്രത്തിലെ ഇരുണ്ട കാലത്തേതിന് സമാനമായി പീഡനങ്ങള്‍ക്ക് എല്ലാ വാതിലുകളും തുറക്കപ്പെട്ടിരിക്കയാണ്. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ അധികാരത്തിലേറിയ കാലത്താണ് ഇത്തരമൊരു സാഹചര്യം ലോകത്തുണ്ടായത് -ആനംസ്റ്റിയുടെ സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു.

ലോകത്താകമാനം വ്യാപിക്കുന്ന വെറുപ്പിന്‍െറയും വിഭാഗീയ രാഷ്ട്രീയത്തിന്‍െറയും ഉദാഹരണമാണ് ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയതയും സ്ത്രീകള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കുമെതിരായ വെറുപ്പും അഭയാര്‍ഥികളോടുള്ള വിദ്വേഷവും വര്‍ധിച്ചുകൊണ്ടിരിക്കയാണ്. 

2016ല്‍ 159 രാജ്യങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ബംഗ്ളാദേശ്, തായ്ലന്‍ഡ്, മ്യാന്മര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ ഇതിന്‍െറ വലിയ ഉദാഹരണങ്ങളാണ്. മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ കടുത്ത അതിക്രമങ്ങള്‍ നടക്കുന്നു. 
സര്‍ക്കാറുകള്‍ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ കണ്ണടക്കുന്നു, അഭയാര്‍ഥികളെ പുറന്തള്ളാന്‍ ശ്രമിക്കുന്നു, ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു -റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വാര്‍ഷിക റിപ്പോര്‍ട്ട് പാരിസില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്.

Tags:    
News Summary - amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.