ആരും ജയിക്കാത്ത ഒരു തെരഞ്ഞെടുപ്പ് അതല്ലങ്കിൽ ഹിറ്റ്ലറുടെ പ്രേതമോ ആത്മാവോ വിജയിച്ച ഒരു തെരഞ്ഞെടുപ്പ് എന്നായിരുന്നു കിഴക്കൻ ജർമനിയിലെ പ്രശസ്ത പത്രം ‘ലൈപ്സിഗർ ഫോൾക്സ് സൈറ്റൂങ്’ ഞായറാഴ്ചത്തെ ജർമൻ പൊതുതെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. അങ്ങനെ പറയാൻ അവർക്ക് അവകാശവും അർഹതയുമുണ്ട്. കാരണം കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ ഒരു തീവ്ര വലതുപക്ഷ കക്ഷി ജർമൻ പാർലമെൻറിൽ കടന്നുകൂടുന്നത് ആദ്യമാണ്. മാത്രമല്ല പത്രം പ്രസിദ്ധീകരിക്കുന്ന മുൻ ജി.ഡി.ആർ എന്ന കിഴക്കൻ ജർമനിയിൽനിന്ന് ആ കക്ഷി പത്തൊൻപതു ശതമാനത്തിൽ അധികം വോട്ടുകൾ നേടുകയും ചെയ്തു. കഴിഞ്ഞ മൂന്നു തവണയും സാമാന്യം നല്ല ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ അംഗല മെർകലിെൻറ കണ്ണുകൾ കലങ്ങുന്നതു ജർമൻകാർ ഇന്നലെ ആദ്യമായിക്കാണുകയുണ്ടായി.
മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയും ബവേറിയ സംസ്ഥാനത്തുമാത്രമുള്ള ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ എന്ന പ്രാദേശിക യൂനിയനും കൂടിയാണ് എക്കാലവും ജർമനിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാൽ, ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഈ സഖ്യ കക്ഷികൾക്ക് നേരിടേണ്ടി വന്നു. ‘ഉരുൾപൊട്ടൽ പോലൊരു കുത്തൊലിപ്പ്’ എന്നാണ് അവരുടെ പാർട്ടി സെൻട്രൽതന്നെ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കുത്തൊഴുക്കിൽ ഒലിച്ചുപോയ എട്ടര ശതമാനം വോട്ടുകൾ എവിടെ ചെന്നുവെന്നു കാണുമ്പോഴേ സാധാരണക്കാരൻ ഞെട്ടുന്നതു നമുക്ക് കണ്ടറിയാനാകൂ. ഇങ്ങനെയൊക്കെയാണെങ്കിലും ഇത് മെർകലിെൻറ മാത്രം പരാജയമാണ് എന്ന് കരുതുകയും വേണ്ട.
നിലവിൽ ജർമനിയുടെ ഭരണം മെർകലിെൻറയും ബവേറിയക്കാരുടെയും സംയുക്ത ടീമിനൊപ്പം മുഖ്യ പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകളും അടങ്ങിയ സഖ്യത്തിെൻറ കൈകളിലായിരുന്നു. യൂറോപ്യൻ പാർലമെൻറ് അധ്യക്ഷൻകൂടിയായിരുന്ന മാർട്ടീൻ ഷൂൾസ് എന്ന ഉൗർജസ്വലനായ നേതാവിനെ ചാൻസലർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോൾ കാര്യമായ ഒരു മാറ്റം ജനം പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ, ഭരണകക്ഷികളുടെ ജനസമ്മതി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നതും ഹിറ്റ്ലറെ നേതാവായി കാണണം, വിദേശികൾ പുറത്തുപോകണം എന്നീ മുദ്രാവാക്യവുമായി രംഗത്തെത്തി നിശ്ശബ്ദ പ്രവർത്തനം നടത്തുകയും ചെയ്ത ആൾട്ടർനേറ്റിവ് ഫോർ ജർമനി എന്ന തീവ്ര വലതുപക്ഷക്കാരുടെ കരുത്തിനെ ഇരുകൂട്ടരും കണ്ടെന്നു ഭാവിച്ചതേയില്ല.
അഞ്ചു ശതമാനം വോട്ടുകൾ നേടി അവർ പാർലമെൻറിൽ കടന്നേക്കും എന്നു മാത്രമാണ് പരിചയ സമ്പന്നരായ തെരെഞ്ഞെടുപ്പ് വിദഗ്ധർപോലും വിലയിരുത്തിയുള്ളു. എന്നാൽ, പെട്ടി പൊട്ടിച്ചപ്പോൾ മെർകലിെൻറ പാർട്ടിയിൽനിന്ന് ഒഴുകിപ്പോയ എട്ടര ശതമാനവും ഷൂൾസിെൻറ പാർട്ടിക്ക് നഷ്ടമായ അഞ്ചു ശതമാനവും ചെന്നുപെട്ടത് ജർമനിയെ പാടെ മാറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആൾട്ടർനേറ്റിവുകാരുടെ പെട്ടിയിൽ. ഇതോടെ ജർമൻ പാർലമെൻറിലെ മൂന്നാം കക്ഷിയായി ഇവർ മാറി. ഇതിനിടയിൽ നിലമെച്ചപ്പെടുത്തിയത് സമ്പന്നരുടെ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫ്രീ െഡമോക്രാറ്റുകളും ഇടതുപക്ഷവും പിന്നെ ഗ്രീൻ പാർട്ടിയുമാണ്. പാർലമെൻറിലെ സാന്നിധ്യം അവസാന രണ്ടു കക്ഷികളും നിലനിർത്തിയപ്പോൾ ഒരു ഇടവേള ശേഷം ഫ്രീ ഡമോക്രാറ്റുകൾ പാർലമെൻറ് മന്ദിരമായ റൈശ്ടാഗിൽ എത്തി.
ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശം മെർകലിനാണ്. ഷൂൾസ് പ്രതിപക്ഷത്തിരിക്കും എന്ന് പ്രഖ്യാപിച്ചതോടെ അവർക്കു മുന്നിൽ ഒരേ ഒരു മാർഗമേ ഇനിയുള്ളു. ഒരിക്കലും യോജിക്കാത്ത ഒന്നിലധികം തവണ സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു പരാജയപ്പെട്ട സംവിധാനം. ജർമൻകാർ ‘ജമൈക്ക സഖ്യം’ എന്ന് പരിഹസിക്കുന്ന മെർകലിെൻറ പാർട്ടിയുടെയും, ഫ്രീ ഡെമോക്രാറ്റുകളുടെയും ഗ്രീൻ പാർട്ടിയുടെയും സഖ്യം. ജമൈക്ക എന്ന് പരിഹാസം നേരിടാനുള്ള കാരണം ഈ മൂന്നു പാർട്ടിയുടെയും കൊടി നിറങ്ങളായ കറുപ്പും മഞ്ഞയും പച്ചയും കൂട്ടിച്ചേർക്കുമ്പോൾ ജമൈക്കയുടെ ദേശീയ പതാകയുടെ നിറമാകുമെന്നതിനാലാണ്.
ഇൗ പാർട്ടികൾ പരസ്പരം വിരുദ്ധപക്ഷങ്ങളിൽ നിൽക്കുന്നവരാണ്. ‘സമ്പന്നരുടെ പാർട്ടി’യായ ഫ്രീ െഡമോക്രാറ്റുകളുടെ എല്ലാ നയങ്ങളെയും രീതികളെയും പരസ്യമായി എതിർക്കുന്നവരാണ് പാവങ്ങളുടെ പാർട്ടി എന്നും പരിസ്ഥിതിക്കുവേണ്ടി നിലയുറപ്പിച്ചവരെന്നും വിശേഷണമുള്ള ഗ്രീൻ പാർട്ടി. ആണവ നിലയങ്ങൾ നിലനിർത്താൻ വേണ്ടി ശബ്ദിക്കുന്നവരെയും അത് എന്നെന്നേക്കുമായി പൊളിച്ചുമാറ്റണമെന്ന് പറയുന്നവരെയും ഒന്നിപ്പിച്ചു വേണം മെർകലിന് നാളെമുതൽ ജർമനിയെ നയിക്കാനെന്ന് ചുരുക്കം. ഇവർക്കൊപ്പം പ്രധാന പ്രതിപക്ഷത്തിെൻറ റോളിൽ എത്തുന്ന ആൾട്ടർനേറ്റീവുകാർ കൂടിയാകുമ്പോൾ ഇനി ഉറക്കം വരാത്ത രാവുകളാകും ജർമൻ ചാൻസലർക്ക് വരാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.