ശാസ്ത്രരംഗത്തെ രഹസ്യങ്ങളുടെ ചുരുളഴിക്കാനായിരുന്നു നാലാമതും ജർമൻ ചാൻസലറാകാൻ മൽസരിച്ച അംഗലമെർകലിെൻറ മോഹം. രാജ്യത്തിെൻറ ഭരണാധികാരിയാവുകയെന്ന നിയോഗമാണ് കാലം കാത്തുവെച്ചത്. പട്ടികളെ ഭയക്കുന്ന, ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ശാസ്ത്രജ്ഞയാകാൻ കൊതിച്ച പെൺകുട്ടി. ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ പെൺകുട്ടിക്ക് പഠനകാലത്ത് ഫിസിക്സ് അധ്യാപികയാവാനായിരുന്നു ഇഷ്ടം. ഫോബ്സ് മാഗസിൻ മൂന്നുതവണ അവരെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി തിരഞ്ഞെടുത്തിട്ടുണ്ട്. 2015ൽ ടൈം മാഗസിെൻറ പേഴ്സൻ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
പടിഞ്ഞാറൻ ജർമനിയിലെ ഹാംബർഗിലാണ് അംഗല മെർകൽ ജനിച്ചത്. പാസ്റ്റർ ആയിരുന്നു പിതാവ്. 1954ൽ മെർകൽ പിഞ്ചുകുഞ്ഞായിരിക്കെ കുടുംബം കിഴക്കൻ മേഖലയിലേക്ക് താമസം മാറ്റി. രാഷ്ട്രീയക്കാരിയായ മെർകലിൽ ഒരിക്കലും മതവിശ്വാസിയെ കണ്ടെത്താൻ കഴിയില്ല. എന്നാൽ, പിതാവിെൻറ മതപരമായ ആശയങ്ങൾ അവരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ബർലിൻ മതിൽ പൊളിഞ്ഞുവീണ അതേവർഷമാണ് മെർകലിെൻറ രാഷ്ട്രീയ അരങ്ങേറ്റം. 1989ൽ. മതിൽ തകർന്നതോടെ രാജ്യത്ത് വൻ പ്രതിഷേധങ്ങളുണ്ടായി. ചായക്കടകളിലെ ചർച്ചകൾ തെരുവുകളിലെ പ്രതിഷേധമായി രൂപപ്പെട്ടു. ഇൗ പ്രസ്ഥാനങ്ങൾ ഒടുവിൽ രാഷ്ട്രീയപാർട്ടികളായും മാറി. ചില വ്യക്തികൾ രാജ്യത്തിെൻറ നിയന്ത്രണം പിടിച്ചെടുക്കാൻ കരുനീക്കം തുടങ്ങി. ഇൗ സാഹചര്യത്തിലായിരുന്നു മെർകലിെൻറ രംഗപ്രവേശനം. 35ാം വയസ്സിൽ.
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള മെർകലിെൻറ വരവ് പുരുഷമേധാവിത്വമുള്ള ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിയിലെ(സി.ഡി.യു) യാഥാസ്ഥിതിക വിഭാഗത്തെ അമ്പരപ്പിച്ചു. 1990കളിൽ അവർ ഇതേ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചാണ് ജർമൻ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നതും ശ്രദ്ധേയം. ജർമനിയിലെ ഏറ്റവും വലിയ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ ആണ് മെർകലിെൻറ വളർച്ചക്കു നാന്ദികുറിച്ചതും. അന്നത്തെ ചാൻസലർ ആയിരുന്ന ഹെൽമുട്ട് കോൾ പാർലമെൻറിലേക്ക് വനിതകൾ വരുന്നതിൽ അതിയായ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് മെർകലിനെ മന്ത്രിസഭയിലെടുത്തു. മെല്ലെ തുടങ്ങിയ മെർകൽ പരിസ്ഥിതിമന്ത്രി പദവിയിലെത്തി. എന്നാൽ, 1999 ആയപ്പോഴേക്കും പഴയ ശാന്തയായ പെൺകുട്ടിയിൽനിന്ന് കരുത്തയായി മാറിയിരുന്നു മെർകൽ. എെൻറ പെൺകുട്ടി എന്ന് വിളിച്ചിരുന്ന കോൾ പിന്നീട് മെർകലിനെ മാഡം എന്ന് വിളിക്കാൻ തുടങ്ങി. അന്ന് കോളിനെ എതിർത്തു സംസാരിക്കാൻ പോലും ഭയമായിരുന്നു മറ്റുള്ളവർക്ക്. അവരുടെ പാത പിന്തുടരാൻ തയാറാവാത്ത മെർകൽ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. വിവാദങ്ങളിൽ കുടുങ്ങിയ കോളിെൻറ രാജിയാവശ്യപ്പെട്ടത് രാജ്യത്തെ പ്രമുഖ പത്രങ്ങളിൽ മുഖപേജിൽ വാർത്തയായി. അതോടെ മെർകൽ ജർമൻ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിലെത്തി.
2000ത്തിൽ അവർ സി.ഡി.യുവിെൻറ മേധാവിയായി സ്ഥാനമേറ്റു. അന്നുതൊട്ട് ഇന്നുവരെ പാർട്ടിയുടെ അമരക്കാരിയാണവർ. 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ ആദ്യ വനിത ചാൻസലറായി. യൂറോപ്യൻ യൂനിയനിലെ പ്രബല നേതാവായി മാറാനും അധികകാലം വേണ്ടിവന്നില്ല. രാജ്യം സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ നടപടികൾ സ്വീകരിക്കുന്നതിലുള്ള കാലതാമസംമൂലം മെർകലിനെതിരെ വിമർശനങ്ങളുയർന്നു. എന്നാൽ, വളരെ സാവധാനമാണെങ്കിലും സുസ്ഥിരമായ ഒരു പരിഹാരമായിരുന്നു മെർകൽ ലക്ഷ്യംവെച്ചതെന്ന് തിരിച്ചറിഞ്ഞവർ നിശ്ശബ്ദരായി. ക്രമേണ ജർമനിയുടെ മാർഗരറ്റ് താച്ചർ എന്ന വിളിപ്പേരും വീണു. ലോകത്തിലെ കരുത്തുറ്റ വനിതയെന്ന വിശേഷണംകൂടി ചാർത്തിയിട്ടുണ്ട് ലോകം. വീണ്ടും വീണ്ടും മെർകലിനെ ജനം രാജ്യത്തിെൻറ നേതൃത്വം വഹിക്കാൻ തെരഞ്ഞെടുത്തത് ആ ഉരുക്കുവനിതയുടെ കഴിവു കണ്ടറിഞ്ഞു തന്നെയാണ്. ഇക്കുറിയും അവർക്ക് പിഴക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.