ഡബ്ലിൻ: പോപ് ഫ്രാൻസിസ് മാർപാപ്പ രാജിവെക്കണമെന്ന് മുൻ വത്തിക്കാൻ ഉദ്യോഗസ്ഥനും ആർച്ച് ബിഷപ്പുമായ കാർലോ മരിയ വിഗാനോ. യു.എസ് കർദിനാളിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി മറച്ചുവെച്ചെന്ന് ആരോപിച്ചാണ് മാർപാപ്പയോട് രാജിവെക്കാൻ 11പേജ് വരുന്ന കത്തിലൂടെ ബിഷപ് ആവശ്യപ്പെട്ടത്.
എന്നാൽ, കത്തിനോട് പ്രതികരിക്കാനില്ലെന്ന് അയർലൻഡ് സന്ദർശനം കഴിഞ്ഞ് മടങ്ങവെ മാധ്യമങ്ങളോട് പോപ് വ്യക്തമാക്കി. കത്ത് വായിച്ച് ആരോപണത്തെ കുറിച്ച് സ്വയം വിധിക്കാനാണ് വിമാനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്.
പുരോഹിതർക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നടപടിയുണ്ടാക്കാത്തത് സഭക്ക് നാണക്കേടാണെന്ന് കഴിഞ്ഞദിവസം അയർലൻഡിൽ മാർപാപ്പ പ്രസ്താവിച്ചിരുന്നു. ഇത്തരം അക്രമങ്ങൾക്കിരയായവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിന് ശേഷമാണ് പോപിനെതിരെ ആരോപണമുന്നയിച്ച് കത്ത് പുറത്തുവന്നത്.
ലൈംഗികാരോപണത്തെ തുടർന്ന് കഴിഞ്ഞ മാസം രാജിവെച്ച കർദിനാൾ തിയോഡർ മക്കാരികിെൻറ കുറ്റങ്ങൾ 2013ൽ പോപ് ഫ്രാൻസിസിനോട് പറഞ്ഞതായാണ് ആർച്ച് ബിഷപ് വിഗാനോ കത്തിൽ പറയുന്നത്. നടപടിയെടുക്കാതെ കുറ്റം മറച്ചുവെച്ചതിനാൽ രാജിവെച്ച് മാറിനിൽക്കണമെന്ന് അദ്ദേഹം മാർപാപ്പയോട് അഭ്യർഥിക്കുന്നു.
എന്നാൽ, 11പേജുള്ള കത്തിൽ പോപുമായി നടന്ന സംഭാഷണത്തിന് തെളിവുകളൊന്നും ഉദ്ധരിച്ചിട്ടില്ല. 2011മുതൽ 2016വരെ യു.എസിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്നു ബിഷപ് വിഗാനോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.