ലണ്ടൻ: യൂറോപ്യൻ യൂനിയനിൽ നിന്ന് കരാറില്ലാതെ പിൻവാങ്ങുന്ന നടപടി എളുപ്പമാക്കാൻ ഒക്ടോബർ 14 വരെ പാർലമെൻറ് സമ്മേളിക്കരുതെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസ െൻറ ആവശ്യം എലിസബത്ത് രാജ്ഞി അംഗീകരിച്ചു. ഇതോടെ സെപ്റ്റംബറിൽ ഒരുമാസത്തോളം പാർലമെൻറ് നടപടികൾ ഉണ്ടാകില്ല.
ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പാക്കാനാണ് ബോറിസ് ജോൺസൺ ഉദ്ദേശിക്കുന്നത്. ബോറിസ് മുന്നോട്ടുവെക്കുന്ന ബ്രെക്സിറ്റ് നയങ്ങൾക്ക് എം.പിമാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായാൽ നിശ്ചിത തീയതിക്കകം ബ്രെക്സിറ്റ് നടപ്പാക്കാൻ കഴിയാതെവരും. ഇതൊഴിവാക്കാനാണ് അദ്ദേഹത്തിെൻറ കരുനീക്കം. കരാറില്ലാ ബ്രെക്സിറ്റിനാണ് ബോറിസ് മുൻതൂക്കം നൽകുന്നത്. അത്തരമൊരു നടപടി ബ്രിട്ടനെ സംബന്ധിച്ച് ആത്മഹത്യാപരമെന്നാണ് പ്രതിപക്ഷത്തിെൻറ വാദം.
സെപ്റ്റംബർ ഒമ്പതു മുതലാണ് പാർലമെൻറ് സമ്മേളിക്കാൻ തീരുമാനിച്ചിരുന്നത്. ഒക്ടോബർ 14ന് രാജ്ഞിയുടെ പ്രസംഗത്തോടെ പാർലമെൻറിെൻറ രണ്ടാമത്തെ സെഷനും തുടങ്ങും.
ബോറിസിെൻറ നിർദേശം ഭരണഘടന ലംഘനമാണെന്ന് ജനസഭ സ്പീക്കർ ജോൺ ബെർകോ പ്രതികരിച്ചു. ജനാധിപത്യ നടപടികൾക്കും പാർലമെൻറ് അംഗങ്ങളുടെ അവകാശങ്ങൾക്കുമെതിരായ കുറ്റകൃത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ പങ്കെടുക്കാനുള്ള എം.പിമാരുടെ അവകാശം ഹനിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനം വീണ്ടുവിചാരമില്ലാതെയാണെന്ന് പ്രതിപക്ഷനേതാവ് ജെറമി കോർബിൻ വിമർശിച്ചു.
ബോറിസിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുൻ പ്രധാനമന്ത്രി ജോൺ മേജർ മുന്നറിയിപ്പ് നൽകി.
ബ്രിട്ടെൻറ ജനാധിപത്യം തകർക്കാനുള്ള നീക്കത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നികോള സ്റ്റർജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.