ലണ്ടൻ: വംശീയ കൊള്ളക്കാർക്ക് ബ്രിട്ടൻ തെരുവുകളിൽ സ്ഥാനമില്ലെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൊലീസിനെ ആക്രമിക്കുന്നവരെ ശക്തമായി നേരിടും. വംശീയതക്ക് ബ്രിട്ടനിൽ സ്ഥാനമില്ല. ഇതിനെതിരെ ഒന്നിച്ചു പോരാടുമെന്നും ജോൺസൺ പറഞ്ഞു.
മധ്യ ലണ്ടനിൽ അക്രമാസക്തരായ തീവ്ര വലതുപക്ഷ പ്രതിഷേധക്കാരായ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തതിന് പിറകെയാണ് ജോൺസെൻറ പ്രസ്താവന. വംശീയതയെ പിന്തുണച്ച പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ബ്രിട്ടനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ബദലായി ‘നമ്മുടെ സ്മാരകങ്ങൾ സംരക്ഷിക്കുക’ എന്ന മുദ്രാവക്യവുമായി പാർലമെൻറ് സ്ക്വയറിൽ സംഘടിച്ച തീവ്ര വലതുപക്ഷമാണ് പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ടത്.
പ്രതിഷേധക്കാർ പൊലീസിനു നേരെ കുപ്പികളും മറ്റും എറിഞ്ഞതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സാമൂഹിക അകലം പാലിക്കാതെയാണ് ആയിരക്കണക്കിന് പ്രതിഷേധകർ ഒത്തുകൂടിയത്. ആറു ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറിയിച്ചു.
ആയുധം കൈവശം വെക്കുകയും പൊലീസിന് നേരെ അതിക്രമം നടത്തുകയും ചെയ്തതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് നൂറിലേറെ പേർക്കെതിരെ കേസെടുത്തതെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.
അതിനിടെ, പൊലീസ് കോൺസ്റ്റബിൾ കീത്ത് പാമറുടെ സ്മാരകത്തിൽ മൂത്രമൊഴിക്കുന്നയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.