ലണ്ടൻ: ബ്രെക്സിറ്റ് നടപടികൾ തുടങ്ങുന്നതിനിടെ എതിരാളികളെയും അനുകൂലികളെയും ഒരുപോലെ ഞെട്ടിച്ച് പ്രധാനമന്ത്രി തെരേസ മേയ് ബ്രിട്ടനിൽ ജൂൺ എട്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിനു പുറത്ത് വാർത്തസമ്മേളനത്തിലായിരുന്നു മേയുടെ പ്രഖ്യാപനം.
പാർലമെൻറിെൻറ കാലാവധി അവസാനിക്കാൻ മൂന്നു വർഷം ശേഷിക്കെയാണ് മേയുടെ അപ്രതീക്ഷിത നീക്കം. 2020നു മുമ്പ് തെരഞ്ഞെടുപ്പു നടത്തില്ലെന്ന മേയുടെ മുൻനിലപാടുകളിൽനിന്ന് തീർത്തും വിരുദ്ധമാണിത്. ബ്രെക്സിറ്റാനന്തരം ബ്രിട്ടന് സുസ്ഥിരവും സുനിശ്ചിതവുമായ ഒരു നേതൃത്വം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണിതെന്നാണ് അവരുടെ വാദം. ഇതുസംബന്ധിച്ച പ്രമേയം പാർലമെൻറിൽ ബുധനാഴ്ച അവതരിപ്പിക്കും. പൊതുസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ രാജ്യം തെരഞ്ഞെടുപ്പുചൂടിലേക്ക് നീങ്ങും.
മേയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ലിബറൽ െഡമോക്രാറ്റിക് പാർട്ടി നേതാവ് ടിം ഫാരനും സ്വാഗതംചെയ്തു. പ്രതിപക്ഷ കക്ഷികൾ അനുകൂലിക്കുന്ന സാഹചര്യത്തിൽ പ്രമേയം പാസാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കോട്ലൻഡ് ഹിതപരിശോധന ആവശ്യപ്പെടുന്നതും ബ്രെക്സിറ്റ് ചർച്ചകളിലെ വ്യവസ്ഥകൾ പാർലമെൻറ് അംഗീകരിക്കാതിരിക്കുമോയെന്ന ആശങ്കയുമാണ് തെരഞ്ഞടുപ്പിന് തെരേസ മേയെ പ്രേരിപ്പിച്ച ഘടകങ്ങൾ. രാജ്യം ഒറ്റക്കെട്ടായാണ് ബ്രെക്സിറ്റിനെ സമീപിക്കുന്നതെങ്കിലും വെസ്റ്റ്മിനിസ്റ്ററിലെ രാഷ്ട്രീയ നേതൃത്വങ്ങൾ അങ്ങനെയല്ലെന്നും മേയ് പറഞ്ഞു. ബ്രെക്സിറ്റിെൻറ പേരിൽ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും മേയ് വിമർശിച്ചു. ‘ബ്രെക്സിറ്റിെൻറ അന്തിമ ഉടമ്പടി വ്യവസ്ഥകളെ എതിർക്കുമെന്നാണ് ലേബർ പാർട്ടിയുടെ ഭീഷണി.
സർക്കാർ നടപടികളെ തടസ്സപ്പെടുത്താനാണ് ലിബറൽ െഡമോക്രാറ്റുകളുടെ ശ്രമം. ഉപരിസഭയിലെ തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഓരോ നടപടിയും ബ്രെക്സിറ്റിൽ സർക്കാറിന് എതിരാണ്. അതിനാലാണ് മുൻ നിലപാടിൽ മാറ്റംവരുത്തി തെരഞ്ഞെടുപ്പിനു തയാറാകുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കിൽ പാർട്ടികൾ അവരുടെ രാഷ്ട്രീയക്കളി തുടരും. ബ്രെക്സിറ്റ് ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തുമ്പോൾ പൊതുതെരഞ്ഞെടുപ്പു വരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്നും മേയ് വ്യക്തമാക്കി. മേയുടെ പ്രഖ്യാപനത്തിനെതിരെ സ്ക്വാട്ലൻഡ് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.