അങ്കാറ: തുർക്കി തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിെൻറ എ.കെ പാർട്ടിയും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് ഭരണത്തുടർച്ച നേടി. പ്രസിഡൻറിന് കൂടുതൽ അധികാരങ്ങൾ ലഭിച്ച ഭരണഘടന ഭേദഗതിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലെ വിജയം ഉർദുഗാനും പാർട്ടിക്കും ജനങ്ങളിൽനിന്ന് ലഭിച്ച അംഗീകാരമായി. തുർക്കി ഉന്നത തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ചയാണ് ഉർദുഗാെൻറ വിജയം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
97.7 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 52.6 ശതമാനം വോട്ടുകളാണ് ഉർദുഗാൻ നേടിയത്. പ്രധാന എതിർ സ്ഥാനാർഥിയായ മുഹർറം ഇൻജ 31 ശതമാനം വോട്ടുകൾ നേടി. പ്രസിഡൻറ് തെരഞ്ഞെടുപ്പിനൊപ്പം നടന്ന പാർലെമൻറ് തെരഞ്ഞെടുപ്പിൽ ഉർദുഗാെൻറ എ.കെ പാർട്ടി 42.5 ശതമാനം വോേട്ടാടെ 295 സീറ്റുകളിൽ വിജയിച്ചു. പാർടി ഉൾകൊള്ളുന്ന പീപ്ൾസ് അലയൻസ് എന്ന മുന്നണി ആകെ 53.7 ശതമാനം വോേട്ടാടെ 600 പാർലമെൻറ് സീറ്റിൽ 343ഉം കരസ്ഥമാക്കി. 87 ശതമാനമായിരുന്നു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ പോളിങ്.
തെരഞ്ഞെടുപ്പിലെ തെൻറ വിജയം ജനാധിപത്യത്തിെൻറയും തുർക്കി ജനതയുടെയും വിജയമാണെന്ന് ഉർദുഗാൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തുർകി ജനതക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ കക്ഷികളും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഹിതപരിശോധനയെ തുടർന്നാണ് പ്രസിഡൻഷ്യൽ, പാർലമെൻറ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള സാഹചര്യം രാജ്യത്ത് ഒരുങ്ങിയത്. 2019ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഉർദുഗാൻ നേരത്തെയാക്കുകയായിരുന്നു. ഇൗ തെരഞ്ഞെടുപ്പോടെ രാജ്യത്ത് പ്രസിഡൻറിന് കൂടുതൽ അധികാരങ്ങൾ ലഭിക്കും. വൈസ് പ്രസിഡൻറുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, മുതിർന്ന ജഡ്ജിമാർ എന്നിവരുടെ നിയമനാധികാരം പ്രസിഡൻറിനായിരിക്കും. എന്നാൽ, പാർലമെൻറിൽ ഉർദുഗാെൻറ പാർട്ടിയടങ്ങിയ സഖ്യത്തിന് ഭരണഘടന ഭേദഗതിക്ക് ശ്രമിക്കാവുന്ന ഭൂരിപക്ഷമെത്തിയിട്ടില്ല.
അഭിനന്ദിച്ച് ലോക നേതാക്കൾ
തെരഞ്ഞെടുപ്പിൽ വിജയിച്ച ഉർദുഗാന് അഭിനന്ദനവുമായി വിവിധ ലോക നേതാക്കൾ രംഗത്തെത്തി. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി, ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽഥാനി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, അസർബൈജാൻ ഭരണാധികാരി ഹൈദർ അലിയേവ്, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ബോസ്നിയ പ്രസിഡൻറ് ബാകിർ അലി ഇസ്സത് ബെഗോവിച്ച്, ഉസ്ബെകിസ്താൻ പ്രസിഡൻറ് ശൗകാത് മിസ്രിയോയേവ് എന്നിവർ അഭിനന്ദനമറിയിച്ചു.
എന്നാൽ, ഉർദുഗാനുമായി പല വിഷയങ്ങളിലും എതിർപ്പ് പുലർത്തുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ചില്ല. ഉർദുഗാന് തുർക്കി ജനതയുടെ പിന്തുണ എത്രത്തോളമുണ്ട് എന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും, അദ്ദേഹത്തിന് കീഴിൽ രാജ്യം അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുമെന്നും പുടിൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.