ബർലിൻ: സർവേ ഫലങ്ങൾ വിശ്വസിക്കാമെങ്കിൽ ജർമനിയിൽ ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ അംഗല മെർകൽ ജയിക്കും. അത് യാഥാർഥ്യമായാൽ നീണ്ട 16 വർഷം ജർമനിയെ നയിക്കാനുള്ള നിയോഗം കൂടിയാവും 63 വയസ്സുള്ള ഇൗ ഉരുക്കുവനിതയെ കാത്തിരിക്കുന്നത്. മികച്ച ഭരണാധികാരിയാണെന്നത് മെർകൽ പലവട്ടം തെളിയിച്ചതാണ്. മെർകലിനു പകരം മറ്റൊരാളെ തെരഞ്ഞെടുക്കാനില്ല എന്ന രൂപത്തിലേക്ക് രാജ്യം രാഷ്ട്രീയപരമായി ഒരുതരം ശൂന്യതയിലേക്ക് കൂപ്പുകുത്തിയ അവസ്ഥയിലാണിന്ന്. അതായത് ചാൻസലർ സ്ഥാനത്ത് നാലാമൂഴത്തിനിറങ്ങുന്ന മെർകലിന് വെല്ലുവിളിയുയർത്തുന്ന സ്ഥാനാർഥിയെ രംഗത്തിറക്കുന്നതിൽ മറ്റു പാർട്ടികൾ പരാജയപ്പെട്ടു.
മെർകലിനു പകരം ആരുമില്ലെന്നത് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതേസമയം, ജർമനിയിലെ ഒരു വിഭാഗം ജനങ്ങൾ ആർക്കു വോട്ട് ചെയ്യണമെന്നത് തീരുമാനിച്ചിട്ടുമില്ല. യു.എസ് തെരഞ്ഞെടുപ്പിലും ബ്രെക്സിറ്റ് ഹിതപരിശോധനയിലും ജനം മാറിച്ചിന്തിച്ചത് ഒാർക്കണം. ഇത്തരമൊരു ട്വിസ്റ്റ് ജർമനിയിൽ സംഭവിക്കില്ലെന്നാണ് ഭൂരിപക്ഷം പേരും വിലയിരുത്തുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മാർട്ടിൻ ഷൂൾസാണ് പ്രധാന എതിരാളി. 2013 മുതൽ മെർകലിെൻറ കൺസർവേറ്റിവ് സഖ്യത്തിെൻറ ഭാഗമായിരുന്നു മധ്യ ഇടതു പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. രാഷ്ട്രീയ സ്ഥിരത ആഗ്രഹിക്കുന്ന ജർമനിക്കാർ മെർകലിനു തന്നെ വോട്ടുചെയ്യും. ഹെൽമുട്ട് കോളിനെയും (1982-1998) കൊനാഡ് അഡിനോറിനെയും (1949-1963) തെരഞ്ഞെടുക്കാൻ കാണിച്ച ആർജവം മെർകലിെൻറ കാര്യത്തിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോടും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനോടും എതിരിടാൻ പോന്ന നേതാവുമാണവർ.
തീവ്ര വലതുകക്ഷിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനിയുടെ (എ.എഫ്.ഡി) വളർച്ചയാണ് ഇൗ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന ഘടകം. മെർകലിെൻറ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) സഖ്യം അധികാരത്തിലേറുേമ്പാൾ എ.എഫ്.ഡി പ്രതിപക്ഷത്തിരിക്കുമെന്നു കരുതുന്ന നിരീക്ഷകരും കുറവല്ല. കുടിയേറ്റ-ഇസ്ലാംവിരുദ്ധ ആശയങ്ങൾ പയറ്റിയാണ് പാർട്ടി പ്രചാരണം പൂർത്തിയാക്കിയത്. എ.എഫ്.ഡിക്ക് 12 ശതമാനം വോട്ട് ലഭിക്കുണെന്നാണ് സർവേ ഫലം. ജർമനിയിലെ മൂന്നാമത്തെ വലിയ പാർട്ടിയായി എ.എഫ്.ഡി മാറുമെന്ന് സാരം.
1954ൽ ജർമനിയിലെ ഹാംബർഗിൽ ജനിച്ച മെർകൽ ഇടതു പാർട്ടിയായ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിെൻറ ചുവടുപിടിച്ചാണ് വളർന്നത്. ഇംഗ്ലീഷ് ഭാഷയിൽ നിപുണയായിരുന്നു അവരുടെ മാതാവ്. പാസ്റ്ററായിരുന്നു പിതാവ്. ശാസ്ത്രജ്ഞയാണ് മെർകൽ. ക്വാണ്ടം ഫിസിക്സാണ് അവരുടെ ഇഷ്ടവിഷയം. 1989ലാണ് അവരുടെ രാഷ്ട്രീയ പ്രവേശം. തെൻറ സ്വന്തം പെൺകുട്ടിയെന്ന് വിശേഷിപ്പിച്ച മെർകൽ ഒരിക്കൽ ജർമനിയുടെ അവിഭാജ്യഘടകമായി മാറുമെന്ന് ഒരുപക്ഷേ ഹെൽമുട്ട് കോൾ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. അഴിമതിക്കറ പുരളാത്ത നേതാവെന്നാണ് ജർമൻ ജനത അവരെ വിശേഷിപ്പിക്കുന്നത്. അഭയാർഥി നയത്തിൽ മെർകലിെൻറ നിലപാടുകളെ തുടർന്ന് വോട്ടുനിലയിൽ ഇടിവുണ്ടായെന്നു വരാം. മെർകലിെൻറ തുറന്നവാതിൽ നയംമൂലം യുദ്ധമുഖത്തു നിന്നുള്ള 10 ലക്ഷത്തോളം അഭയാർഥികളാണ് ജർമനിയിലെത്തിയത്.
മെർകലിനെ നേരിടാനുള്ള പ്രത്യേക പദ്ധതി തെൻറ പക്കൽ ഭദ്രമാണെന്നു പ്രഖ്യാപിച്ചാണ് മാർട്ടിൻ ഷൂൾസ് (61)പ്രചാരണം അവസാനിപ്പിച്ചത്. യൂറോപ്യൻ പാർലമെൻറ് മേധാവിയായിരുന്ന സമയത്ത് ആർജിച്ച ജനപ്രീതി ഉപയോഗപ്പെടുത്താൻ തന്നെയാണ് തീരുമാനം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി, ബ്രസൽസ് ആസ്ഥാനമാക്കിയുള്ള യൂറോപ്യൻ രാഷ്ട്രീയ പ്രവർത്തനമാണ് അദ്ദേഹം നടത്തിവരുന്നത്. എസ്.പി.ഡി മേധാവി സിഗ്മർ ഗബ്രിയേൽ സ്വയം മാറിക്കൊടുത്ത് അദ്ദേഹത്തെ ജർമൻ രാഷ്ട്രീയത്തിലേക്കു തിരിച്ചു വിളിക്കുകയായിരുന്നു. ഷൂൾസിെൻറ വരവോടെ എസ്.പി.ഡിയുടെ ജനപ്രീതിയിലും ഗണ്യമായ വർധന രേഖപ്പെടുത്തുന്നു. മെർകലിെൻറ അഭയാർഥി നയത്തിനെതിരായ പ്രചാരണമാണ് വലതുപക്ഷ പാർട്ടികളായ എ.എഫ്.ഡിയും മറ്റും ഉന്നംവെക്കുക.
എന്നാൽ, അഭയാർഥി വിഷയത്തിൽ മെർകലിനൊപ്പം നിന്നവരാണ് എസ്.പി.ഡി. അതിനാൽ ആ വിഷയത്തിൽ ഏറ്റുമുട്ടലിനു സാധ്യതയില്ല. താൻ വെറുമൊരു എതിരാളിയാകാനല്ല, ചാൻസലറാകാൻ തന്നെയാണു മത്സരിക്കുന്നതെന്ന് ഷൂൾസ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പലപ്പോഴും മെർകലിെൻറ വ്യക്തിപ്രഭാവത്തിനു പിന്നിൽ ഷൂൾസ് നിഴലായി ഒതുങ്ങിപ്പോയെന്നും നിരീക്ഷണമുണ്ട്. സുസ്ഥിരതക്കായി വിജയിപ്പിക്കണമെന്നായിരുന്നു മമ്മിയെന്ന ചെല്ലപ്പേരുള്ള മെർകലിെൻറ ആഹ്വാനം. ഉറക്കഗുളിക പോലുള്ള രാഷ്ട്രീയം തിരസ്കരിക്കണമെന്നായിരുന്നു അതിനു ഷൂൾസിെൻറ മറുപടി. എന്തുതന്നെയായാലും ജർമനി ആർക്കൊപ്പം നിൽക്കുമെന്നത് ഇന്നറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.