ബർലിൻ: ജർമനിയിൽ മാസങ്ങൾ കഴിഞ്ഞും എങ്ങുമെത്താതെ സർക്കാർ രൂപവത്കരണം. മുന്നണിയുണ്ടാക്കാനുള്ള ചർച്ചകളിൽനിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിൻവാങ്ങിയതോടെയാണ് ചാൻസലർ അംഗല മെർകൽ കനത്ത പ്രതിസന്ധിക്കു നടുവിലായത്. നീണ്ട 12 വർഷം രാജ്യം ഭരിക്കുകയും യൂറോപ്പിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ആദരിക്കപ്പെടുകയും ചെയ്യുന്ന മെർകലിന് ഇതോടെ സർക്കാർ രൂപവത്കരണം അഗ്നിപരീക്ഷയായി. ചർച്ച ഉടൻ പൂർത്തിയാകുമെന്നും ഇന്ന് രാവിലെ കരാർ നിലവിൽവരുമെന്നും കരുതപ്പെട്ടിരുന്നിടത്താണ് ഇന്നലെ വൈകുന്നേരം ഫ്രീ ഡെമോക്രാറ്റുകളുടെ അധ്യക്ഷൻ ക്രിസ്ത്യൻ ലിന്ഡനർ നാടകീയമായി പിൻമാറ്റം പ്രഖ്യാപിച്ചത്. "തെറ്റായ സംവിധാനങ്ങളുടെ പിന്തുടർച്ച മുന്നോട്ടുവെക്കുന്ന ഈ സംവിധാനത്തിൽ പങ്കെടുക്കാൻ ഫ്രീ ഡെമോക്രാറ്റുകൾ തയാറല്ല" എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. ചർച്ച വഴിമുട്ടിയതോടെ ജർമൻ പ്രസിഡൻറ് ജർമൻ പ്രസിഡന്റ് വാൾട്ടർ സ്റ്റയിൻമയറെ മെർകൽ കണ്ടിരുന്നു.
നാലാമൂഴത്തിന് ജനവിധി വന്ന് മാസങ്ങളായിട്ടും സർക്കാർ രൂപവത്കരണം കീറാമുട്ടിയായി തുടരുന്ന മെർകലിന് മുമ്പിൽ ഒരു മാർഗമേ അവശേഷിക്കുന്നുള്ളൂ. മുൻ സർക്കാരിന്റെ മട്ടിൽ പ്രധാന പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്നുള്ള മഹാസഖ്യം തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കുക അതല്ലങ്കിൽ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് നേരിടുക. സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രതിനിധിയായ പ്രസിഡന്റ് വാൾട്ടർ സ്റ്റയിൻ മയർ കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ചാകും ഇനി ജർമൻ സർക്കാരിന്റെ ഭാവി.
സെപ്റ്റംബറിൽ ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷവുമായാണ് മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ, ബവേറിയൻ മേഖലയിൽ സ്വാധീനമുള്ള ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ എന്നിവയടങ്ങുന്ന സഖ്യം കടന്നുകൂടിയത്. ഗ്രീൻസ് കക്ഷി പിന്തുണ നൽകിയെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പാക്കാനായിട്ടില്ല. കൂടുതൽ കക്ഷികളുമായി ചേർന്ന് മന്ത്രിസഭ രൂപവത്കരിക്കാൻ മാസങ്ങളായി തുടരുന്ന ചർച്ചകളും വിജയംകണ്ടിട്ടില്ല. നികുതി, അഭയാർഥിപ്രശ്നം, പരിസ്ഥിതി നയം തുടങ്ങിയവയാണ് പാർട്ടികൾക്കിടയിൽ കീറാമുട്ടിയായി തുടരുന്ന വിഷയങ്ങൾ.
ഭൂരിപക്ഷമുറപ്പാക്കാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലക്ക് സർക്കാറുണ്ടാക്കാൻ മെർകലിനാകുമെങ്കിലും കൂടുതൽ കാലം മുന്നോട്ടുപോകാനാകില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ മെർകലിന് അടിതെറ്റുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.