ബർലിൻ: ജർമനിയിൽ അംഗല മെർകലിെൻറ നാലാം ഊഴത്തിന് സാധ്യതതുറന്ന് ഭരണകക്ഷിയായ സി.ഡി.യു-സി.എസ്.യു സഖ്യവും സോഷ്യൽ ഡെമോക്രാറ്റുകളും കഴിഞ്ഞ ദിവസം കരാർ ഒപ്പിടാൻ തയാറായെങ്കിലും അവിചാരിതമായി സോഷ്യൽ ഡെമോക്രാറ്റുകളുടെ യുവജന വിഭാഗത്തിൽനിന്ന് ഉയർന്ന പ്രതിഷേധങ്ങൾ വീണ്ടും മന്ത്രിസഭ രൂപവത്കരണം പ്രതിസന്ധിയിലാക്കി.
പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപവത്കരിക്കാമെന്ന് മൂന്നു പാർട്ടികളുടെയും നേതാക്കൾ തീരുമാനെമടുത്തെങ്കിലും ജർമൻ രാഷ്ട്രീയ നിയമം അനുസരിച്ച് ഇതിന് അതതു പാർട്ടികളുടെ ജനറൽ ബോഡി അംഗീകാരം നൽകണം. അവിടെയാണ് സോഷ്യലിസ്റ്റുകളിലെ ഒരു വിഭാഗം യുവനേതാക്കൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
പെൻഷൻ സംവിധാനത്തിൽ സമ്പൂർണ പൊളിച്ചെഴുത്ത്, അഭയാർഥികൾക്കും ഭവനരഹിതർക്കും അടക്കം എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ്, പ്രൈമറി തലം മുതൽ ഗവേഷണം വരെ വിദ്യാഭ്യാസം സൗജന്യമാക്കൽ എന്നീ കാര്യങ്ങളാണ് യുവ സോഷ്യലിസ്റ്റുകൾ ഉയർത്തിപ്പിടിച്ച ആവശ്യങ്ങൾ. സർക്കാർ രൂപവത്കരണ തീരുമാനങ്ങളിൽ ഇവ കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല.
മഹാസഖ്യത്തിന് എതിരായിരുന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെ പുതിയ നേതാവ് മാർട്ടിൻ ഷൂൾസിനെ അനുനയിപ്പിച്ച് ചർച്ചകൾ ഫലപ്രദമായി അവസാനിപ്പിച്ചശേഷമാണ് പുതിയ പ്രതിസന്ധിയെന്നത് ശ്രദ്ധേയമാണ്. മാർട്ടിൻ ഷൂൾസും വിദേശകാര്യമന്ത്രി സിഗ്മർ ഗാബ്രിയേലും വിമതരുമായി വീണ്ടും ചർച്ചയിലാണ്. ‘‘പ്രയാസകരമായ ഒരവസ്ഥയിലാണ് ഞങ്ങളിപ്പോൾ. എന്നാൽ, പ്രത്യാശ കൈവിട്ടിട്ടില്ല’’ -മാർട്ടിൻ ഷൂൾസ് പറഞ്ഞു. എന്നാൽ, വീണ്ടും തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നവരാണ് മന്ത്രിസഭ രൂപവത്കരണം അട്ടിമറിക്കുന്നതെന്ന് ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.