ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സ്വന്തം പാർട്ടിക്കുള്ളിൽ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിലെ വിമതരാണ്. തെരേസ മേയ്ക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നതായ വാർത്ത ബ്രിട്ടീഷ് പത്രം സൺഡെ ടൈംസ് ആണ് പുറത്തുവിട്ടത്. 40 കൺസർവേറ്റിവ് പാർട്ടി എം.പിമാർ പ്രമേയത്തിൽ ഒപ്പുവെക്കാൻ തയാറായിട്ടുണ്ടത്രെ. എട്ടുപേരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ പാർലമെൻറിൽ പ്രമേയം പാസാക്കാൻ കഴിയും. അങ്ങനെ വന്നാൽ തെരേസയെ പുറത്താക്കി പകരക്കാരനെ കണ്ടെത്താനാണ് പാർട്ടിയംഗങ്ങൾ പദ്ധതിയിടുന്നത്.
ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പോടുകൂടിയാണ് തെരേസക്ക് പാർട്ടിയിൽ മേധാവിത്വം നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി വിജയിച്ചെങ്കിലും കേവലഭൂരിപക്ഷം തികക്കാനായില്ല. മേയിയുടെ ഭരണത്തിൽ എം.പിമാർ അസ്വസ്ഥരാണ്.
ബ്രെക്സിറ്റ് നടപടികളെയാണ് ഇത് കൂടുതൽ ബാധിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2019 മാർച്ച് 19ഒാടെ ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം മേയ് പാർലമെൻറിൽ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ രണ്ടു മന്ത്രിമാർ രാജിവെച്ചതും പ്രധാനമന്ത്രിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ലൈംഗികാരോപണമുയർന്നതിനെ തുടർന്ന് പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് മൈക്കിൾ ഫാലനും ഇസ്രായേൽ അധികൃതരുമായുള്ള വിവാദ ചർച്ചയെ തുടർന്ന് ഇൻറർനാഷനൽ ഡെവലപ്മെൻറ് സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.