ബഹിരാകാശ യാത്രികന്‍ പിയേഴ്സ് സെല്ളേഴ്സ് അന്തരിച്ചു

ഹൂസ്റ്റണ്‍: നാസയുടെ ബഹിരാകാശ യാത്രികനും  കാലാവസ്ഥ ശാസ്ത്രജ്ഞനുമായ പിയേഴ്സ് സെല്ളേഴ്സ് അന്തരിച്ചു. 61 വയസ്സായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഹൂസ്റ്റണിലാണ് മരിച്ചത്.

ബ്രിട്ടനിലെ സസക്സില്‍ ജനിച്ച പിയേഴ്സ് 1982ലാണ് നാസയില്‍ ഗവേഷകനായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 1991ല്‍ അമേരിക്കന്‍ പൗരത്വം നേടിയാണ് ബഹിരാകാശ യാത്രക്കായുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. 2002, 2006, 2010 വര്‍ഷങ്ങളിലായി മൂന്നുതവണ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. മൂന്നു യാത്രകളിലായി 35 ദിവസവും ഒമ്പതു മണിക്കൂറും രണ്ട് മിനിറ്റും ബഹിരാകാശത്ത് ചെലവഴിച്ചു. 41 മിനിറ്റ് നേരം ഗുരുത്വാകര്‍ഷണരഹിത മേഖലയില്‍ നടക്കുകയും ചെയ്തു.

ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ് സെല്ളേഴ്സ്. 2011ഓടെ നാസയില്‍നിന്ന് വിരമിച്ച ഇദ്ദേഹത്തിന് ഇക്കഴിഞ്ഞ ജൂലൈയില്‍ നാസ, മികച്ച സേവനത്തിനുള്ള മെഡല്‍ സമ്മാനിച്ചിരുന്നു.
കാലാവസ്ഥ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അദ്ദേഹം ഈ മേഖലയിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ഭൂമിയില്‍ വിതക്കാന്‍ സാധ്യതയുള്ള ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഏതാനും പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബിഫോര്‍ ദ ഫ്ളഡ് എന്ന ഡോക്യുമെന്‍ററിയില്‍ അഭിനയിച്ചിട്ടുണ്ട്.

 

Tags:    
News Summary - NASA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.