മോസ്കോ: കടുത്ത ഉപരോധങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എസ് തീരുമാനം സാമ്പത്തിക യുദ്ധപ്രഖ്യാപനമാണെന്ന മുന്നറിയിപ്പുമായി റഷ്യ. മുൻ റഷ്യൻ ചാരനും മകൾക്കുമെതിരെ രാസായുധം പ്രയോഗിച്ച സംഭവത്തിലാണ് യു.എസ് റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാൻ തീരുമാനിച്ചത്. മാർച്ചിലാണ് മുൻ ചാരനായ സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും രാസാക്രമണമേറ്റത്. ഏറെ നാളത്തെ ചികിത്സക്കു ശേഷമാണ് അവർ ആശുപത്രി വിട്ടത്.
സംഭവം നയതന്ത്രതലത്തിൽ കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കി. ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന ആരോപണം അവർ ആവർത്തിച്ചു നിഷേധിക്കുകയാണ്. യു.എസ് ഉപരോധം ചുമത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ സുഹൃത്തുക്കൾ ഇക്കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദേവ് പറഞ്ഞു.
ആഗസ്റ്റ് 11ന് പുതിയ ഉപരോധം പ്രാബല്യത്തിലാകും. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപറത്തിയാണ് റഷ്യ യു.എൻ നിരോധിച്ച രാസായുധങ്ങൾ പ്രേയാഗിക്കുന്നതെന്നാണ് യു.എസ് ആരോപണം. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സാേങ്കതിക വിദ്യകൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിക്കാണ് ഉപരോധം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുമിത്. 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കെയാണ് പുതിയ സംഭവം. വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ റഷ്യൻ കറൻസിയായ റൂബിളിെൻറ മൂല്യം ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.