ഡമസ്കസ്: കിഴക്കൻ ഗൂതയിൽനിന്ന് രോഗബാധിതരായി അവശനിലയിൽ കഴിയുന്ന സിറിയക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടങ്ങി. വിമത ഗ്രാമമായ കിഴക്കൻ ഗൂത 2013 മുതൽ സർക്കാർ ഉപരോധത്തിൽ കഴിയുകയാണ്. നാലുലക്ഷത്തോളം ആളുകളാണ് അവശ്യ സാധനങ്ങൾപോലും ലഭിക്കാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി, സിറിയൻ റെഡ് ക്രസൻറ്, സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി എന്നീ സംഘടനകളുൾപ്പെടെയാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്. 29 പേരുടെ നില അതിഗുരുതരമാണ്. നാലുപേരെ ഡമസ്കസിെല ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 18 കുട്ടികളും നാലു സ്ത്രീകളും ഹൃദയ-വൃക്ക സംബന്ധമായ അസുഖങ്ങൾ, അർബുദം എന്നിവയാൽ വലയുകയാണ്.
ജീവൻ നിലനിർത്താൻ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ കൂടിയേ തീരൂ. എന്നാൽ, വെള്ളംപോലും കിട്ടാക്കനിയായ ഉപരോധഗ്രാമത്തിൽ മരുന്നിനെവിടെ സ്ഥാനം. 641 പേർ അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെന്നും റെഡ്ക്രോസ് അധികൃതർ ചൂണ്ടിക്കാട്ടി. ചികിത്സ ലഭിക്കാതെ അടുത്തിടെ 17 രോഗികളാണ് മരിച്ചത്. ഒരുവർഷം മുമ്പ് ഇറാൻ, റഷ്യ, തുർക്കി രാജ്യങ്ങളുടെ മാധ്യസ്ഥ്യത്തിൽ ഗൂതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും സർക്കാർ സൈന്യം കരാർ ലംഘിക്കുകയായിരുന്നു.
െഎക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ മേഖലയിലേക്ക് അവശ്യസാധനങ്ങളെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സിറിയൻ അധികൃതർ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.