മെര്‍കലിനൊപ്പമുള്ള  സെല്‍ഫി ദുരുപയോഗം ചെയ്തു; സിറിയന്‍ അഭയാര്‍ഥി ഫേസ്ബുക്കിനെതിരെ കോടതിയില്‍

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുത്ത് താരമായ സിറിയന്‍ അഭയാര്‍ഥി അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാന്‍ നടപടി സ്വീകരിച്ചില്ളെന്നാരോപിച്ചാണ് ഫേസ്ബുക്കിനെതിരെ അനസ് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. 

2015 സെപ്റ്റംബറിലാണ് ബര്‍ലിനിലെ സ്പന്ദാവു അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച അംഗല മെര്‍കലിനൊപ്പം ഈ 19കാരന്‍ സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുക്കുമ്പോള്‍ ആരാണ് മെര്‍കല്‍ എന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഒരു അഭിമുഖത്തിനിടെ അനസ് പറഞ്ഞിരുന്നു. ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പ്രധാനപ്പെട്ട വ്യക്തിയായിരിക്കുമെന്ന് കണ്ടാണ് സെല്‍ഫിയെടുക്കാന്‍ മുതിര്‍ന്നത്. പിന്നീടാണ് ജര്‍മനിയുടെ നേതാവാണ് അവരെന്ന് മനസ്സിലായതത്രെ. ഈ ചിത്രം അടുത്തുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറും പകര്‍ത്തിയിരുന്നു. അഭയാര്‍ഥികളോടുള്ള ജര്‍മനിയുടെ ഉദാരതയുടെ പ്രതീകമായി ഈ ചിത്രം മാസങ്ങളോളം കൊണ്ടാടി. മാസങ്ങള്‍ക്കകം നിരവധി അജ്ഞാത ഫേസ്ബുക് അക്കൗണ്ടുകളിലേക്കും  ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടു. 
 

അനസ് മൊദമാനി അംഗല മെര്‍കലിനൊപ്പം സെല്‍ഫിയെടുക്കുന്നു
 

2016 മാര്‍ച്ചില്‍ ബ്രസല്‍സിലെ തീവ്രവാദി ആക്രമണമുള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ അനസിനെ പ്രതിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു ഈ പോസ്റ്റുകളത്രയും. ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായപ്പോള്‍ ‘ഇവര്‍ അംഗല മെര്‍കലിന്‍െറ മരണമാണ്’ എന്ന സന്ദേശത്തില്‍ വീണ്ടും ഫോട്ടോ വന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ളെന്ന് പറഞ്ഞ്  പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക് വിസമ്മതിക്കുകയായിരുന്നുവെന്ന് മൊദമാനിയുടെ അഭിഭാഷകന്‍ ചാന്‍ ജോ ജുന്‍ പറഞ്ഞു. അഭയാര്‍ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോഴൊക്കെ അനസിന്‍െറ ഫോട്ടോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ റെയില്‍വേ പ്ളാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന മനുഷ്യനെ തീവെച്ച സംഘവുമായി അനസിനെ ബന്ധപ്പെടുത്തിയും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 500 തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടത്. 25,000ത്തിനും 50,000ത്തിനുമിടക്ക് ആളുകള്‍ ഇതു ശ്രദ്ധിച്ചിട്ടുണ്ടാവണം. 

അതേസമയം, വ്യക്തിപരമായി ഹനിക്കുന്ന പോസ്റ്റ് നീക്കം ചെയ്യണമെന്ന അപേക്ഷ ലഭിച്ചതായും അതുപ്രകാരം ഒറിജിനല്‍ പോസ്റ്റ് ഉടന്‍ ഒഴിവാക്കിയതായും അതിനാല്‍ കോടതിയില്‍ നല്‍കിയ ഹരജിക്ക് സാധുതയുണ്ടെന്ന് കരുതുന്നില്ളെന്നും ഫേസ്ബുക് വക്താവ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഫേസ്ബുക്കിനെതിരെ അനസ് ജര്‍മന്‍ കോടതിയെ സമീപിച്ചത്. ഈ ഹരജിയില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കും. അനസ് ബര്‍ലിനിലെ ഒരു ഫാസ്റ്റ്ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട വ്യാജവാര്‍ത്തകളെ കുറിച്ച് നടപടിയെടുക്കുമെന്ന് ഫേസ്ബുക് ചീഫ് എക്സിക്യൂട്ടിവ് മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. 
Tags:    
News Summary - A refugee who took a selfie with Angela Merkel is suing Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.