ഹെൽസിങ്കി: ഫിൻലൻഡിൽ റഷ്യൻ പ്രസിഡൻറ് പുടിനുമൊത്ത് ‘മധുവിധു’ ആഘോഷിച്ച് തിരിച്ചെത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നാട്ടിൽ രൂക്ഷവിമർശനം. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന വാദം നിരാകരിച്ച ട്രംപ് യു.എസ് രഹസ്യാന്വേഷണ വിഭാഗങ്ങളെ പരസ്യമായി അപമാനിച്ചതാണ് റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് കക്ഷികളെ ഒരുപോലെ ചൊടിപ്പിച്ചത്. ഹെൽസിങ്കി ഉച്ചകോടിയിൽ പുടിനെ സാക്ഷിനിർത്തി റഷ്യയെ ന്യായീകരിച്ച ട്രംപ് അദ്ദേഹത്തിന് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഉപദേശകരുടെ സാന്നിധ്യമില്ലാതെ രണ്ടു മണിക്കൂർ നേരമാണ് ഇരുവരും രഹസ്യ സംഭാഷണം നടത്തിയത്. ഒരു മണിക്കൂർ നേരം മാധ്യമങ്ങൾക്ക് മുന്നിലും ഇരുവരും ചെലവിട്ടു.
തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ നേതൃത്വം നൽകിയ 12 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ യു.എസ് കുറ്റംചുമത്തി ദിവസങ്ങൾക്കകമാണ് അതേ രാജ്യത്തിെൻറ പ്രസിഡൻറ് വസ്തുതകൾ നിഷേധിക്കുന്നത്. യു.എസിൽ ജനാധിപത്യത്തെ തകർക്കാൻ നിരന്തരം റഷ്യ ഇടെപട്ടിരുന്നുവെന്ന് ട്രംപിന് മറുപടിയായി യു.എസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡാൻ കോട്സ് പ്രതികരിച്ചു. റഷ്യ യു.എസിെൻറ സഖ്യകക്ഷിയല്ലെന്നും രാജ്യത്തിെൻറ അടിസ്ഥാന മൂല്യങ്ങൾക്കു തന്നെ അവർ എതിരാണെന്ന് ട്രംപ് മനസ്സിലാക്കണമെന്നും റിപ്പബ്ലിക്കൻ നേതാവ് പോൾ റയാൻ മുന്നറിയിപ്പ് നൽകി.
ഒരു സ്വേച്ഛാധിപതിക്ക് മുന്നിൽ മുെമ്പാരിക്കലും ഒരു അമേരിക്കൻ പ്രസിഡൻറ് ഇത്ര ദയനീയമായി തരംതാണിട്ടില്ലെന്ന് അരിസോണയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ മക്കെയ്ൻ കുറ്റപ്പെടുത്തി. പ്രസിഡൻറിെൻറ ഒൗദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണിതെന്ന് മുൻ ഉപദേശകനും സഭാ സ്പീക്കറുമായിരുന്ന ന്യൂട് ഗിങ്റിച്ച് പറഞ്ഞു. രാജ്യത്തിെൻറ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന നടപടിയാണിതെന്ന് 2012ലെ റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി മിറ്റ് റോംനി അഭിപ്രായപ്പെട്ടു. ഒഹായോയിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഉലച്ച് പ്രാദേശിക നേതാവ് രാജിയും പ്രഖ്യാപിച്ചിട്ടുണ്ട്. നാണംകെട്ട നടപടിയിൽ പ്രതിഷേധിച്ച് ബെൽമണ്ടിലെ ക്രിസ് കാഗിനാണ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.