വ്ലാദിവോസ്റ്റോക് (റഷ്യ): ഏതെങ്കിലും രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നതിന് ഇന്ത്യയും റഷ്യയും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി വ്യാപാര-നിക്ഷേപ രംഗം, എണ്ണ-വാതക-ആണവ ഊർജം, പ്രതിരോധം, ബഹാരാകാശം, നാവിക ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ പുടിനുമായി ചർച്ച നടത്തി.
20ാമത് ഇന്തോ-റഷ്യൻ വാർഷിക ഉച്ചകോടിയിലെ രണ്ടര മണിക്കൂർ നീണ്ട നയതന്ത്രതല ചർച്ച കപ്പലിനുള്ളിലാണ് നടന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യൻ തീരുമാനത്തെ റഷ്യ പിന്തുണച്ചിരുന്നു. ഇന്ത്യൻ ഭരണഘടനക്കനുസൃതമായാണ് കശ്മീരിലെ മാറ്റങ്ങളെന്നായിരുന്നു റഷ്യയുടെ നിലപാട്.
അഫ്ഗാനിസ്താെൻറ കാര്യം പരാമർശിക്കുന്ന വേളയിലാണ് കശ്മീരുമായി ബന്ധപ്പെടുത്തി മോദി പ്രസ്താവന നടത്തിയത്. ‘അഫ്ഗാനിസ്താനില്‍ ശക്തവും സുസ്ഥിരവും ജനാധിപത്യ രീതിയിലുള്ളതുമായ സര്‍ക്കാര്‍ വരണമെന്നാണ് ഇന്ത്യയും റഷ്യയും ആഗ്രഹിക്കുന്നത്. അഫ്ഗാൻ ഉൾപ്പെടെ ഒരു രാജ്യത്തിെൻറയും ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടരുതെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നതെന്നും മോദി പറഞ്ഞു.
കശ്മീർ വിഷയത്തിൽ പുടിൻ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പാകിസ്താെൻറ പ്രചാരണങ്ങളെക്കുറിച്ച് മുന്നറിയിപ്പും നൽകി.
രാജ്യത്തിെൻറ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ‘ഗഗൻയാൻ പദ്ധതി’യുടെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് റഷ്യ പരിശീലനം നൽകുമെന്ന് മോദി അറിയിച്ചു.
മൂന്നു ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുള്ള ആദ്യ ഗഗൻയാൻ പേടകം 2022ൽ പുറപ്പെടുന്ന രീതിയിലാണ് ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുള്ളത്. ചെന്നൈ തുറമുഖത്തുനിന്ന് റഷ്യയുടെ കിഴക്കേയറ്റത്തുള്ള വ്ലാദിവോസ്റ്റോക് തുറമുഖത്തേക്ക് കപ്പൽപ്പാത തുറക്കുന്നതിന് മോദി-പുടിൻ ചർച്ചയിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.