മോസ്കോ: സൈബീരിയയിലെ മരവിപ്പിക്കുന്ന തണുപ്പിൽ വന്യജീവികളെ അതിജീവിച്ച്, തെൻറ അസുഖം ബാധിച്ച മുത്തശ്ശിക്ക് സഹായമഭ്യർഥിക്കാൻ മൈലുകൾ നടന്ന നാലുവയസ്സുകാരി റഷ്യയിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. റഷ്യയിലെ തുവ റിപ്പബ്ലിക് സ്വദേശിയായ സഗ്ലാന സാൽചെക്കാണ് സാഹസത്തിനൊടുവിൽ താരമായിരിക്കുന്നത്. സഗ്ലാന തെൻറ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം മംഗോളിയൻ അതിർത്തിക്കു സമീപം തായഗ വനത്തിനുള്ളിലെ ഒറ്റപ്പെട്ട കൃഷിയിടത്തിലാണ് താമസം. അടുത്തുള്ള ഗ്രാമത്തിലേക്ക് ഇവിടെനിന്ന് 12 മൈലിലധികവും ഏറ്റവും അടുത്ത അയൽക്കാരെൻറ വീട്ടിലേക്ക് അഞ്ചു മൈലിലധികവും ദൂരമുണ്ട്. കഴിഞ്ഞ മാസം ഒരു ദിവസം 60കാരിയായ മുത്തശ്ശിക്ക് ചലനമില്ലെന്ന് സഗ്ലാന തിരിച്ചറിയുകയായിരുന്നു.
അന്ധനായ മുത്തച്ഛനോട് സംസാരിച്ചശേഷം അയൽവാസിയുടെ വീട്ടിലേക്ക് സഹായമഭ്യർഥിച്ച് പോകാൻ അവൾ തീരുമാനിച്ചു. ൈകയിൽ ഒരു തീപ്പെട്ടിക്കൂട് മാത്രം കരുതിയാണ് സഗ്ലാന അതിരാവിലെ വനത്തിനുള്ളിലൂടെ പുറപ്പെട്ടത്. തുവ പ്രദേശത്ത് ധാരാളമായി ചെന്നായ്ക്കളുള്ളതായും ഇവ കന്നുകാലികളെ കൊന്നുതിന്നുന്നതായി ഉടമസ്ഥർ പരാതിപ്പെടാറുണ്ടെന്നും പ്രാദേശിക രക്ഷാപ്രവർത്തന സംഘത്തലവൻ സെംയോൺ റബ്സ്തോവ് പറഞ്ഞു. ഭാഗ്യത്തിന് സഗ്ലാന മഞ്ഞിൽ കുടുങ്ങുകയോ ചെന്നായ്ക്കളുടെ മുന്നിൽപെടുകയോ ചെയ്തില്ല. നെഞ്ചോളമെത്തുന്ന മഞ്ഞിലൂടെ മണിക്കൂറുകൾ നടന്നാണ് അവൾ അഞ്ചു മൈൽ പിന്നിട്ടത്. എന്നാൽ, ഇതിനിടയിൽ അയൽവാസിയുടെ വീട് സഗ്ലാനയുടെ ശ്രദ്ധയിൽപെട്ടില്ല. പക്ഷേ, വീണ്ടും അവളെ ഭാഗ്യം തുണച്ചു. അയൽക്കാരിൽ ഒരാൾ സഗ്ലാനയെ കാണുകയും വിവരമന്വേഷിച്ചശേഷം ഗ്രാമത്തിലെ വൈദ്യനെയും അവളെയുംകൊണ്ട് തിരിച്ച് മുത്തശ്ശിയുടെ അടുത്തെത്തുകയുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സഗ്ലാനയുടെ മുത്തശ്ശി മരിച്ചതായാണ് അവർ കണ്ടെത്തിയത്. കൊടുംതണുപ്പും വിശപ്പും അനുഭവപ്പെെട്ടങ്കിലും വനത്തിലൂടെ നടക്കാൻ തനിക്ക് ഒട്ടും ഭയം തോന്നിയില്ലെന്ന് സഗ്ലാന പ്രാദേശിക പത്രത്തോട് പറഞ്ഞു. സഗ്ലാനയിപ്പോൾ സാമൂഹിക കേന്ദ്രത്തിലാണ് താമസിക്കുന്നത്.
പ്രാദേശിക മാധ്യമങ്ങൾ സഗ്ലാനയെ ഒരു താരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈഗയിലെ ജനങ്ങളെ ദുരിതങ്ങളുടെ കഥകൾ പറഞ്ഞ് ആകർഷിക്കാൻ കഴിയില്ലെന്നും അവർക്കത് സാധാരണമാെണന്നും എന്നാൽ സഗ്ലാനയുടെ ധൈര്യം ഏവരുടെയും ഹൃദയം കവർന്നതായും മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ, സഗ്ലാനയുടെ കഥ പ്രശസ്തമായതോടെ അവളുടെ അമ്മ എലെനോറക്കെതിരെ തുവ അന്വേഷണ കമ്മിറ്റി ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. എലെനോറയും സഗ്ലാനയുടെ രണ്ടാനച്ഛനും മറ്റൊരു സ്ഥലത്താണ് താമസം. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രായമായ മാതാപിതാക്കൾക്ക് കഴിയില്ല എന്നുറപ്പുണ്ടായിട്ടും സഗ്ലാനയെ അവരോടൊപ്പം എലെനോറ നിർത്തുകയായിരുന്നു എന്ന് കമ്മിറ്റി ആരോപിച്ചു.
കേസിൽ ശിക്ഷിക്കപ്പെടുകയാണെങ്കിൽ എലനോറക്ക് ഒരു വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ, അവർക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളില്ലാത്തത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്നും കുട്ടിയുടെ അമ്മയെ പഴിക്കേണ്ടതില്ലെന്നും സമൂഹപ്രവർത്തക സയാന മോൻഗുഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.