ലണ്ടൻ: ലണ്ടനിലെ ടൂട്ടിംഗിൽ നിന്നുള്ള ഫ്ലോറൻസെ വിഡ്ഡികോംബ് എന്ന കൊച്ചു പെൺകുട്ടി തൻെറ സ്കൂൾ സുഹൃത്തുക്കൾക്ക് ക്രിസ്മസ് കാർഡുകൾ അയക്കാനായി തയാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ സന്ദേശം കണ്ടത്. ലോകത്തെ മുൻനിര കമ്പനിയായ ടെസ്ലയുടെ കേക്കിനൊപ്പം നൽകാനുള്ള ക്രിസ്മസ് കാർഡുകൾ പരിശോധിക്കവെയാണ് സന്ദേശം അടങ്ങുന്ന കാർഡ് അവളുടെ ശ്രദ്ധയിൽപെട്ടത്.
അതിലിങ്ങനെ എഴുതിയിരുന്നു.
“ചൈനയിലെ ഷാങ്ഹായ് ക്വിങ്‌പു ജയിലിലെ വിദേശ തടവുകാരാണ് ഞങ്ങൾ. തങ്ങളെ ഇവർ നിർബന്ധ ജോലികൾക്ക് പ്രേരിപ്പിക്കുന്നു. ദയവായി ഇക്കാര്യം മനുഷ്യാവകാശ സംഘടനയെ അറിയിക്കുക. നാല് വർഷം മുമ്പ് ഇതേ ജയിലിൽ തടവിലായിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകനായ പീറ്റർ ഹംഫ്രിയെ ബന്ധപ്പെടുക"-എഴുത്ത് കണ്ട അമ്പരന്ന ഫ്ലോറൻസ പിതാവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിയ പിതാവ് ബെൻ വിഡ്ഡികോംബ് ഈ കത്ത് ലോകത്തെ കാണിച്ചതോടെ സംഭവം വലിയ വാർത്തയായി.
ആദ്യം തമാശയെന്നാണ് കരുതിയത്. പിന്നീടാണ് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയത്-പിതാവ് ബെൻ വിഡ്ഡികോംബെ പറഞ്ഞു.
ഉടൻ കത്തിൽ പറഞ്ഞ പീറ്റർ ഹംഫ്രിയെ ബന്ധപ്പെടുകയും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും ബെൻ കൂട്ടിച്ചേർത്തു.
2013-2015 കാലത്ത് ഷാങ്ഹായിയിൽ തടവിലായിരുന്നു. സന്ദേശം അയച്ച ജയിൽ ബ്ലോക്കിലെ അവസാന ഒമ്പത് മാസം കഴിഞ്ഞത്. അതിനാൽ ഇത് എഴുതിയത് ആ കാലഘട്ടത്തിലെ ജയിൽ സുഹൃത്തുക്കളാണെന്നായിരുന്നു പീറ്റർ ഹംഫ്രിയുടെ പ്രതികരണം. ജയിലിലുള്ളവർ ചേർന്ന് എഴുതിയ സന്ദേശമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ആരെന്നും അറിയാം. പക്ഷേ ഞാൻ ഒരിക്കലും ആ പേര് വെളിപ്പെടുത്തില്ല. വിദേശ തടവുകാരുടെ ബ്ലോക്കിൽ 250 പേരുണ്ട്. ഒരു സെല്ലിൽ 12 തടവുകാരുമായി വളരെ ഇരുണ്ട ജീവിതമാണ് അവർ നയിക്കുന്നത്. എന്നാൽ ഈ പ്രവർത്തി അവരെ പ്രതിരൂലമായി ബാധിക്കും -പീറ്റർ കൂട്ടിച്ചേർത്തു.
വാർത്ത വലിയ വിവാദമായതോടെ ചൈനയിലെ ഫാക്ടറിയിൽ ക്രിസ്മസ് കാർഡുകൾ നിർമ്മിക്കുന്നത് ടെസ്‌കോ താൽക്കാലികമായി നിർത്തിവച്ചു. “ആരോപണങ്ങൾ അമ്പരപ്പുണ്ടാക്കി. ഇതേതുടർന്ന് കാർഡുകൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ഉത്പാദനം ഉടൻ നിർത്തിവച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും ടെസ്‌കോ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.