ലണ്ടൻ: ലോക്ഡൗണ്‍ നിർദേശം ലംഘിച്ച് കാമുകി രണ്ട് തവണ വീട്ടിലെത്തിയത് പുറത്തായതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ പ്രധാന കോവിഡ് ഉപദേഷ്ടാവും പ്രമുഖ സാംക്രമികരോഗ വിദഗ്ധനുമായ പ്രഫ. നീൽ ഫെർഗൂസൻ (51) രാജിവെച്ചു.
സമ്പൂർണ 'സ്റ്റേ അറ്റ് ഹോം' നടപ്പാക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത് പ്രഫ. നീൽ ഫെർഗൂസെൻറ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച നിർദേശപ്രകാരം ആണെന്നതാണ് ഏറെ ശ്രദ്ധേയം. ലണ്ടൻ ഇംപീരിയൽ കോളജിലെ പ്രഫസറായ ഫെർഗൂസൻ സയൻറിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) അംഗമാണ്.
വിവാഹിതയായ കാമുകി അേൻറാണിയ സ്റ്റാറ്റ്സ് (38) മാർച്ച് 30നും ഏപ്രിൽ എട്ടിനുമാണ് ലോക്ഡൗൺ ലംഘിച്ച് ഫെർഗൂസെൻറ വസതിയിലെത്തിയത്. ബ്രിട്ടനിലെ സമ്പൂർണ ലോക്ഡൗൺ ജൂൺ വരെ നീട്ടണമെന്ന് ഫെർഗൂസെൻറ നേതൃത്വത്തിലുള്ള സമിതി ശുപാർശ ചെയ്ത ദിവസമായിരുന്നു ആദ്യ സന്ദർശനം. 'ദി ഡെയ്ലി ടെലഗ്രാഫ് ' ഇത് പുറത്ത് കൊണ്ടുവന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.
തുടർന്ന് കോറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനപങ്ക് വഹിക്കുന്ന സേജിൽ നിന്ന് ഫെർഗൂസൻ രാജി വെക്കുകയായിരുന്നു.
താന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് പ്രഫ. ഫെര്‍ഗൂസൻ സി.എന്‍.എന്നിനോട് പറഞ്ഞു. ''സേജില്‍ നിന്ന് ഞാൻ പുറത്തു പോകുകയാണ്. സർക്കാർ നിര്‍ദേശങ്ങള്‍ നല്‍കുന്നത് എല്ലാവരേയും സംരക്ഷിക്കാനാണ്. സാമൂഹിക അകലം സംബന്ധിച്ച സന്ദേശങ്ങളെ അവഗണിച്ചതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു" - അദ്ദേഹം പറഞ്ഞു.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് താൻ രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞിരുന്നതായും നീല്‍ ഫെര്‍ഗൂസൻ ചൂണ്ടിക്കാട്ടി.
രണ്ട് തവണ ലോക്ഡൗൺ ലംഘിച്ച് യാത്ര ചെയ്ത സ്കോട്ട്ലൻറ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. കാതറൈൻ കാൽഡർവുഡ് രാജിവെച്ച് ഒരു മാസം തികയും മുമ്പാണ് പ്രഫ. നീൽ ഫെർഗൂസെൻറയും രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.