യൂറോപിന്‍റെ 'മലനിരകളിലെ ടൈറ്റാനികാ'യ ഈ റെയിൽവേ സ്​റ്റേഷൻ ഇനി പഞ്ചനക്ഷത്ര ഹോട്ടൽ

ലണ്ടൻ: മലനിരകളിലെത്തുന്ന സഞ്ചാരികൾക്കായി പ്രൗഢമനോഹരമായി പണിതുയർത്തപ്പെട്ട്​ നീണ്ട കാലം നോക്കുകുത്തിയായി നിന്ന റെയിൽവേ സ്​റ്റേഷന്​ ഒടുവിൽ പുനർജന്മം. 'മനിരകളിലെ ടൈറ്റാനിക്​' എന്ന വിളിപ്പേരുവീണ കാൻഫ്രാങ്ക്​ സ്​റ്റേഷനാണ്​ പഞ്ചനക്ഷത്ര ഹോട്ടലായി മാറുന്നത്​. പിറനീസ്​ മലനിരകൾ വഴിയുള്ള റെയിൽ ഗതാഗതം നിലച്ച്​ 51 വർഷം കഴിഞ്ഞാണ്​ പുതുനിയോഗം.

കടൽനിരപ്പിൽനിന്ന്​ 3,280 അടി (1,000 മീറ്റർ) ഉയരത്തിൽ ഫ്രഞ്ച്​- സ്​പാനിഷ്​ അതിരുകളിലായി സ്​ഥിതി ചെയ്യുന്ന ഗ്രാമമാണ്​ കാൻഫ്രാങ്ക്​. അകലെ മലനിരകളിൽ യൂറോപിലെ ഏറ്റവും മികച്ച റെയിൽവേ സ്​റ്റേഷനുകളിലൊന്ന്​ പണിയുകയെന്ന സ്​പാനിഷ്​ സ്വപ്​ന സാക്ഷാത്​കാരമായാണ്​ മനോഹര നിർമിതി പണികഴിപ്പിക്കപ്പെട്ടത്​. 1858ൽ പദ്ധതിയിട്ട 'റെയിൽവേ കത്തീഡ്രൽ' പൂർത്തിയാകുന്നത്​ 1928ൽ. ഉദ്​ഘാടന ചടങ്ങിൽ സ്​പെയിൻ രാജാവ്​ അൽഫോൺസോ പതിമൂന്നാമൻ പറഞ്ഞത്​ 'പിറനീസ്​ (പർവതം) ഇനിയില്ലെന്ന്​' ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ സ്​റ്റേഷൻ വലിയ പങ്കുവഹിച്ചതായി പറയാറുണ്ട്​. ബ്രിട്ടനും യു.എസി​നുമൊപ്പം നിലയുറപ്പിക്കുകയും എന്നാൽ, നാസി ജർമനിയുമായി ഇടപാടുകൾ നടത്തുകയും ചെയ്​ത ഫ്രാ​ങ്കോ രാജാവ്​ ടാങ്ക്​ നിർമാണത്തിന്​ ഉപയോഗിക്കുന്ന ടങ്​സ്റ്റൺ ഈ സ്​റ്റേഷൻ വഴി കടത്ത്​ നടത്തിയതായി ചരിത്ര രേഖകൾ പറയുന്നു.

നിർമിച്ചത്​ രാജകീയമായിട്ടായിരുന്നുവെങ്കിലും പിന്നാലെ അപകടങ്ങളും സംഭവപരമ്പരകളും വന്നുമൂടിയത്​ സ്​റ്റേഷൻ പ്രവർത്തനത്തെ ശരിക്കും വലച്ചു. 1928ൽ നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞാണ്​ മഹാമാന്ദ്യം പിടികൂടിയത്​. അതിനുടൻ സ്​പാനിഷ്​ ആഭ്യന്തര യുദ്ധമെത്തി. പിന്നാലെ രണ്ടാം ലോകയുദ്ധവും. ഫ്രാ​ങ്കോ ഭരണകൂടം ഒറ്റപ്പെട്ടുപോയത്​ റെയിൽ​ഗതാഗതത്തെയും ബാധിച്ചു. എന്നാൽ, മറുവശത്ത്​ ഫ്രഞ്ച്​ ഭാഗത്തെ റെയിൽവേ ​സംവിധാനം കൂടുതൽ അത്യാധുനികമായിരുന്നു. അതിനാൽ, സ്​പെയിനിലെത്തുംമുമ്പ്​ ലഗേജ്​ ഇറക്കിവെച്ച്​ മാറിക്കയറണം.

1970ൽ അപകടത്തിൽ ഒരു പാലം തകരുക കൂടി ചെയ്​തതോടെ സ്​റ്റേഷൻ തന്നെ ഉപേക്ഷിക്കാമെന്ന്​ അധികൃതർക്ക്​ തോന്നി. 200 മീറ്റർ നീളത്തിൽ 365 ജനലുകളുമായി നിന്ന മനോഹര നിർമിതി അതോടെ പാതിമയക്കത്തിലായി.

അതാണ്​, ഇനി 104 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലായി മാറുന്നത്​. ജൊആക്വിൻ മഗ്രാസോ, ഫെർണാണ്ടോ എന്നിവർ ചേർന്നാണ്​ നിർമാണം. ആറഗോൺ പ്രാദേശിക ഭരണകൂടം സഹായവും നൽകും.

ആഭ്യന്തര ട്രെയിൻ സർവീസ്​ ​ഇപ്പോഴും നടക്കുന്നതിനാൽ അവക്കുവേണ്ടി ഒരു സ്​റ്റേഷൻ വേറെ പണികഴിപ്പിക്കും.

ഫ്രാൻസിനെയും സ്​പെയിനിനെയും ബന്ധിപ്പിച്ച്​ 7.8 കിലോമീറ്റർ നീളത്തിൽ സോംപോർട്​ തുരങ്കം വീണ്ടും തുറക്കാൻ ഇരുരാജ്യങ്ങളും 2020ൽ ധാരണയിലെത്തിയിരുന്നു.

Tags:    
News Summary - Europe’s unluckiest train station gets new lease of life as hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.