ന്യൂഡൽഹി: റഷ്യൻ അതിർത്തിയോട് ചേർന്ന സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. നിലക്കാത്ത ഷെല്ലാക്രമണമാണ് രക്ഷാദൗത്യത്തിന് തടസ്സം. വിദ്യാർഥികൾ സ്വമേധയ അതിർത്തിയിലേക്ക് പോകരുതെന്നും ബങ്കറുകളിൽതന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കാത്തതിനാൽ സ്വന്തമായി അതിർത്തിയിലേക്ക് നീങ്ങുകയാണെന്നും വ്യക്തമാക്കി ഇന്ത്യൻ വിദ്യാർഥികളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പ്രതികരണം.
ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് പുറത്തേക്കുകടക്കുന്നതിനും സുരക്ഷിത ഇടനാഴിയൊരുക്കാനുമായി വെടിനിര്‍ത്തലിന് ഇരു സര്‍ക്കാറുകളിലും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. വിദ്യാര്‍ഥികള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുക്കണം. ഇപ്പോള്‍ കഴിയുന്ന ഷെല്‍ട്ടറുകളില്‍ നിന്നു പുറത്തിറങ്ങരുത്. മന്ത്രാലയവും എംബസിയും സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. ഷെല്ലാക്രമണം തുടരുന്നത് ജീവന്‍ അപകടത്തിലാക്കാം. വിദ്യാര്‍ഥികള്‍ കാമ്പസില്‍ സുരക്ഷിതരാണ്. ഞങ്ങളുടെ സംഘം ഇപ്പോള്‍ കിഴക്കോട്ടേക്ക് നീങ്ങുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സുമിയിലെ വിദ്യാർഥികളെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള സുരക്ഷിത വഴികൾ തിരിച്ചറിയാൻ റെഡ് ക്രോസുൾപ്പെടെ സംഘടനകളുമായി ചർച്ച നടത്തിയതായി ഇന്ത്യൻ എംബസിയും ട്വീറ്റ് ചെയ്തു. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപ്പോവ് പറഞ്ഞു. റഷ്യക്ക് സുമിയിലേക്ക് പ്രവേശനം സാധ്യമാകുന്നില്ല. ബസുകള്‍ നഗരത്തിന് അടുത്തെത്തിയിട്ടുണ്ട്. സുമിയിലേക്ക് കടക്കാനായിട്ടില്ല. രക്ഷാദൗത്യത്തിന് മറ്റു പ്രശ്‌നരഹിത മേഖലകള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.