ലണ്ടൻ: ഉരുകുന്ന മഞ്ഞിൽ കിടന്ന ബൂട്ടിനൊപ്പമുള്ള സോക്സിൽ ‘എ.സി. ഇർവിൻ’ എന്ന എംബ്രോയ്ഡറി തെളിഞ്ഞു കാണാമായിരുന്നു. 100 വർഷം മുമ്പ് എവറസ്റ്റ് കൊടുമുടിയിൽ അപ്രക്ഷ്യനായ ബ്രിട്ടീഷ് പർവതാരോഹകന്‍റേതെന്ന് വിശ്വസിക്കപ്പെടുന്ന കാൽ ആയിരുന്നു ആ ബൂട്ടിനുള്ളിൽ. എവറസ്റ്റ് കൊടുമുടിയുടെ വടക്കേമുഖത്തിന് താഴെയുള്ള സെൻട്രൽ റോങ്ബുക്ക് ഹിമാനിയിൽ ജിമ്മി ചിൻ നയിക്കുന്ന ഒരു സംഘമാണ് പർവതാരോഹണത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നിന് പരിഹാരമായേക്കാവുന്ന കണ്ടെത്തൽ നടത്തിയത്.
ആൻഡ്രൂ കോമിൻ സാൻഡി ഇർവിൻ എന്ന യുവാവ് 1924 ജൂണിൽ തന്റെ മലകയറ്റ പങ്കാളിയായ ജോർജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചപ്പോൾ അപ്രത്യക്ഷരാവുകയായിരുന്നു. വർഷങ്ങൾക്കുശേഷം മല്ലോറിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇർവിന്‍റെ ശരീരം ഒരിക്കലും കണ്ടെത്താനായില്ല.
എഡ്മണ്ട് ഹിലരിയും ടെൻസിംഗ് നോർഗെയും മുകളിൽ എത്തുന്നതിനും 29 വർഷം മുമ്പ് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ പർവതാരോഹകർ ഇവരായിരുന്നോ എന്ന് തിരോധാനത്തിനുശേഷം ലോകം ചിന്തിച്ചു. വർഷങ്ങളോളം ഇർവിന്‍റെ ശരീരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് നിഗൂഢമായി തന്നെ അവശേഷിച്ചു.
എന്നാൽ കഴിഞ്ഞ മാസം നാഷണൽ ജിയോഗ്രഫിക്കിനുവേണ്ടി ഡോക്യുമെന്‍ററി ചിത്രീകരിക്കാനെത്തിയ പർവതാരോഹകർ ഒരു ഹിമാനിയിൽ ഐസ് ഉരുകി ഒരു കാൽ വെളിപ്പെട്ടതായി കണ്ടെത്തി. ആ ടീമിനെ നയിച്ച പ്രശസ്ത സാഹസികൻ ജിമ്മി ചിൻ ഈ കണ്ടെത്തലിനെ ‘വൈകാരികമായ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. ബൂട്ടിനുള്ളിൽ കണ്ട സോക്കിൽ ‘A.C. Irvine’ എന്ന് എംബ്രോയ്ഡറി ചെയ്തിരിക്കുന്നതിനാൽ അത് ഇർവിന്‍റേതു തന്നെയാണെന്ന് ഡോക്യുമെന്‍ററി സംഘം വിശ്വസിക്കുന്നു. ബ്രിട്ടീഷ് അധികൃതർ ഡി.എൻ.എ സാമ്പിൾ ഉപയോഗിച്ച് പാദത്തിന്റെ ഐഡന്‍റിറ്റി പരിശോധിച്ചു വരുന്നതായി നാഷനൽ ജിയോഗ്രാഫിക് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഘം എവറസ്റ്റിന്റെ വടക്കുഭാഗത്തുള്ള സെൻട്രൽ റോങ്ബുക്ക് ഹിമാനിയിൽ ഇറങ്ങിയത്. ആ വഴിയിൽ 1933 എന്ന തീയതി രേഖപ്പെടുത്തിയ ഒരു ഓക്സിജൻ കുപ്പിയും അവർ കണ്ടെത്തി. ഇർവിന്‍റെ ശരീരം സമീപത്ത് ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ സംഘം ഊർജസ്വലരായി ദിവസങ്ങളോളം ഹിമാനിയിൽ തിരച്ചിൽ നടത്തി. ആ കാൽ കണ്ടെത്തലിന് ഒരാഴ്ച മുമ്പ് മാത്രമേ ഐസ് ഉരുകിയിരുന്നുള്ളൂവെന്ന് അവർ കണക്കാക്കി. കാക്കകൾ കൊത്തിവലിക്കുമെന്ന ആശങ്കയെത്തുടർന്ന് കാൽ അവിടെ നിന്നെടുത്ത് എവറസ്റ്റിന്റെ വടക്കൻഭാഗം ഭരിക്കുന്ന ചൈനീസ് അധികൃതർക്ക് കൈമാറി.
കാണാതാകുമ്പോൾ 22 വയസ്സായിരുന്നു സാൻഡി ഇർവിന്. ഒരു നൂറ്റാണ്ടായി പർവതാരോഹക ലോകത്തെ കൗതുകത്തിലാഴ്ത്തിയ പര്യവേക്ഷണത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 1924 ജൂൺ 8ന് കൊടുമുടിയിലേക്ക് പോകുമ്പോഴാണ് ആ ജോഡിയെ അവസാനമായി ജീവനോടെ കണ്ടത്.
ഈ കണ്ടുപിടുത്തത്തെക്കുറിച്ച് ചിൻ പറഞ്ഞപ്പോൾ താൻ കരഞ്ഞുപോയെന്ന് ഇർവിന്‍റെ ബന്ധുവായ ജൂലി സമ്മേഴ്‌സ് പ്രതികരിച്ചു. വിഷമകരമായ ഒരു നിമിഷമായി അതെന്നും തുടരുമെന്നും അവർ പറഞ്ഞു. ചിലപ്പോൾ ജീവിതത്തിൽ ഏറ്റവും വലിയ കണ്ടെത്തലുകൾ സംഭവിക്കുന്നത് നിങ്ങൾ ആ വഴിക്ക് നോക്കുകപോലുമില്ലാത്ത സമയത്തായിരിക്കും. ഇത് ഞങ്ങൾക്കും മുഴുവൻ ടീമിനും ഒരു സ്മരണയും വൈകാരികവുമായ നിമിഷമാണ്. ഒടുവിലിത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും പർവതാരോഹകർക്കും സമാധാനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ജിമ്മി ചിന്നും പ്രതികരിച്ചു. ‘ഓസ്കാർ’ നേടിയ പർവതാരോഹണ ഡോക്യുമെന്‍ററിയായ ‘ഫ്രീ സോളോ’ നിർമിച്ചയാളാണ് ചിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.