ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻ​സൊ ആബെക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെക്ക് വെടിയേറ്റു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. ആബെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ.

ഹൃദയമിടിപ്പും ശ്വസനവും നിലച്ച അവസ്ഥയിലാണുള്ളത്. ജപ്പാർ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ് പ്രചാരണ പരിപാടികൾ നടന്നത്. അതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്ന് ജപ്പാൻ നാഷനൽ ബ്രോഡ്കാസ്റ്റർ എൻ.എച്ച്.കെയും ദ ക്യോഡോ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഉടനെ 67കാരനായ ആബെ നിലത്ത് വീഴുകയും കഴുത്തിൽ നിന്ന് രക്തം ചീറ്റുകയും ചെയ്തു. ആബെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ.

ആബെക്ക് പിറകിൽ നിന്ന് വെടിയേറ്റതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 40 കാരനായ ഇയാളിൽ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ടെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2006ൽ ഒരു വർഷത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറി നിൽക്കുകയായിരുന്നു.

അതേസമയം, തോക്കുപയോഗിക്കുന്നതിൽ കർശന നിയന്ത്രണമുള്ള രാജ്യമാണ് ജപ്പാൻ. തോക്ക് ലൈസൻസ് ലഭിക്കാൻ ഷൂട്ടിങ് അസോസിയേഷന്റെ ശിപാർശയും ശക്തമായ പൊലീസ് പരിശോധനകളും ഉൾപ്പെടെ കഴിയണം.

Tags:    
News Summary - Ex Japan PM Shot, Shows "No Vital Signs"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.