ഇസ്‍ലാമാബാദ്: മൂന്നുതവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് നാലുവർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി. ലണ്ടനിൽ നിന്നുള്ള വിമാനം ഇസ്‍ലാമാബാദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പാകിസ്താൻ ടെലിവിഷൻ ചാനലുകൾ ശരീഫിന്റെ വിമാനം ഇസ്‍ലാമാബാദ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിെൻറ തത്സമയ ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. പാർട്ടിയിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമായി 194 പേരും ശരീഫിനൊപ്പം വിമാനത്തിലുണ്ടായിരുന്നു.
പാകിസ്താനിലെത്തിയ ഉടൻ അദ്ദേഹം രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൻമനാടായ ലാഹോറിൽ നിന്ന് 73കാരനായ ശരീഫ് രാഷ്ട്രീയറാലിക്ക് നേതൃത്വം നൽകും. ചികിത്സയുടെ പേരിൽ 2019ൽ ലണ്ടനിലേക്ക് പോയ നവാസ് ശരീഫ് ഒരിക്കൽ പോലും രാജ്യത്തേക്ക് മടങ്ങിയെത്തിയില്ല.
അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെയാണ് അദ്ദേഹം ചികിത്സാവശ്യാർഥം ലണ്ടനിലേക്ക് മുങ്ങിയത്. മടങ്ങിവന്നാൽ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും. എന്നാൽ സഹോദരൻ ശഹ്ബാസ് ശരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായതോടെ സാഹചര്യങ്ങൾ കലങ്ങിത്തെളിഞ്ഞു.
കേസ് വ്യവഹാരങ്ങൾ പിന്തുടരുന്നതിനാൽ നിലവിൽ നവാസ് ശരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ പൊതുനേതൃത്വം ഏറ്റെടുക്കാനോ കഴിയില്ല. എന്നാൽ ജയിലിലായിട്ടും ഇംറാൻ ഖാന്റെ ജനപ്രീതി തുടരുന്ന സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാണ് ശരീഫിന്റെ തീരുമാനം. അതിനായി വിലക്കിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ശരീഫ്. ശിക്ഷിക്കപ്പെട്ടതിനാൽ ഇംറാൻ ഖാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്. അതിനെതിരെ ഇംറാനും അപ്പീൽ നൽകിയിരുന്നു.
രാജ്യത്തെ സ്ഥിതിഗതികൾ വളരെയധികം മോശമായതിൽ സങ്കടമുണ്ടെന്നായിരുന്നു ശരീഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉന്നത ജനറൽമാരുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് പാക് സൈന്യത്തിന്റെ നിർദേശപ്രകാരം തന്നെ സർക്കാരിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് നേരത്തേ നവാസ് ശരീഫ് അവകാശപ്പെട്ടിരുന്നു. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ സൈന്യം ഇംറാൻ ഖാനെ പിന്തുണച്ചിരുന്നതായും ശരീഫ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.