വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വീണ്ടും പ്രഹരിച്ച് സമൂഹ മാധ്യമങ്ങൾ. ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കീണ്ടുകൾ രണ്ടു വർഷത്തേക്ക് റദ്ദാക്കിയാണ് പുതിയ അടി. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളിൽ അതിക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അനിശ്ചിത കാലത്തേക്ക് സമൂഹ മാധ്യമങ്ങളിൽ വിലക്ക് വീണിരുന്നു. സമയം നിശ്ചയിക്കാത്ത വിലക്കിനെതിരെ ഫേസ്ബുക്ക് ഓവർസൈറ്റ് ബോർഡ് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വർഷത്തേക്ക് വിലക്കാൻ തീരുമാനമെടുത്തത്. ജനുവരി ഏഴിന് ആദ്യമായി വിലക്കുവീണതു മുതൽ രണ്ടു വർഷത്തേക്കാണ് നിലനിൽക്കുക. അതുകഴിഞ്ഞ് തിരിച്ചുവന്നാലും കൂടുതൽ കടുത്ത നിയന്ത്രണങ്ങളോടെയാകും അനുവദിക്കുക.
രാഷ്ട്രീയ നേതാക്കളുടെ ചെറിയ വിമർശനങ്ങളെ നടപടികളില്ലാതെ വിടാനുള്ള പരിരക്ഷ നയവും ഇതോടൊപ്പം ഫേസ്ബുക്ക് എടുത്തുകളഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പരിധിവിട്ട ആക്രമണങ്ങൾക്ക് ഇതോടെ സമൂഹ മാധ്യമങ്ങളിൽ കൂച്ച് വീഴും.
എന്നാൽ, പുതിയ നീക്കം തനിക്ക് വോട്ടുചെയ്ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മുന്നോടിയായി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നേരത്തെ തുടങ്ങാമെന്ന മോഹങ്ങൾക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്.
ആഗോള സമൂഹ മാധ്യമ ഭീമന്മാരെ വെല്ലുവിളിച്ച് ട്രംപ് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നുവെങ്കിലും പഴകിയ വേഡ്പ്രസ് രൂപത്തിലായതിനാൽ എവിടെയുമെത്താതെ അടച്ചുപൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.