ലണ്ടൻ: മകളുടെ വിവാഹസമ്മാനമായി കൊടുത്ത സ്വർണം കുറഞ്ഞുപോയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർതൃപിതാവിനെ കുത്തിക്കൊന്നയാളെ ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിവാഹ സമ്മാനം കുറഞ്ഞതിനെ ചൊല്ലി അഹ്മദ് അൽസിനോയും(43) അയാളുടെ മകളുടെ ഭർതൃപിതാവും ഡെന്റിസ്റ്റുമായ മുഹമ്മദ് സലീം ഇബ്രാഹീമും(55) തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനൊടുവിൽ കറിക്കത്തിയെടുത്ത് അഹ്മദ് അൽസിനോ മുഹമ്മദ് സലീമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മാർച്ച് 13നാണ് സംഭവം നടന്നത്. മുഹമ്മദ് സലീമിന് നാലുതവണ കുത്തേറ്റു. അത് കഴിഞ്ഞ് അൽസിനോ മകളുടെ ഭർത്താവായ അറാം ഇബ്രാഹിമിനെയും ആക്രമിച്ചു. വിവാഹത്തിന് വധുവിന് കൊടുത്ത സ്വർണം കുറഞ്ഞുപോയെന്നായിരുന്നു ആക്ഷേപം. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അറാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടു.
കൊലപാതകം, കൊലപാതകശ്രമം, ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അൽസിനോക്ക് ശിക്ഷ വിധിച്ചത്. മൂന്നാഴ്ച നീണ്ട വിചാരണക്കൊടുവിലാണ് ബിർമിങ്ഹാം ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. 26 വർഷം തടവു ശിക്ഷയനുഭവിക്കേണ്ടി വരും.
മുഹമ്മദ് സലീം ഇബ്രാഹിമെന്റ വീട്ടിൽവെച്ചായിരുന്നു കൃത്യം നടത്തിയത്. ഗർഭിണിയായ മകളെയും അൽസിനോ അവിടെ നിന്ന് കൂട്ടിക്കൊണ്ട്പോയി. വീടിന്റ വാതിൽ ചവിട്ടിത്തുറന്ന അൽസിനോ ഇബ്രാഹിമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിനാണ് മൂന്ന് കുത്തേറ്റത്.
സ്വർണം കുറഞ്ഞതിന്റെ പേരിൽ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ഭർതൃവീട്ടിൽ നിന്ന് മകൾ ലൈലൻ പിതാവിനെ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും പ്രതി മനസ് കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. സിറിയയിൽ നിന്ന് ബ്രിട്ടനിൽ അഭയം തേടിയെത്തിയതാണ് തന്റെ പിതാവെന്ന് ലൈലാൻ പറഞ്ഞു. കൊലപാതകം നടന്ന് 40 മിനിറ്റിനകം തന്നെ അൽസിനോയെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.