ഒരിക്കൽ വെറും അഭയാർഥി, ഇന്ന് ആസ്ട്രേലിയയിലെ ആദ്യ ഹിജാബി സെനറ്റർ; ഫാത്തിമ പേമാൻ ചരിത്രമെഴുതുന്നു

കാന്‍ബറ: ഒരിക്കൽ അവർ ഒരു അഫ്ഗാൻ അഭയാർഥിയായിരുന്നു. ടാക്‌സി ഡ്രൈവറായും, സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്ത അച്ഛന്റെ മകൾ. 1999ല്‍ ഒരു അഭയാര്‍ഥിയായി ആസ്ട്രേലിയയില്‍ വരുകയും ഇമിഗ്രേഷന്‍ തടങ്കലില്‍ അടയ്ക്കപ്പെടുകയും ചെയ്ത സാധാരണക്കാരിൽ സാധാരണക്കാരൻ. ആ ടാക്സി ഡ്രൈവറുടെ മകൾ ഇന്ന് ആസ്ട്രേലിയൻ സെനറ്റിൽ അംഗമായിരിക്കുന്നു. ആസ്ട്രേലിയയുടെ ചരിത്രത്തിലെ ആദ്യ ഹിജാബ് ധാരിയായ സെനറ്റർ എന്നറിയപ്പെടുന്ന ഫാത്തിമ പേമാന്റെ ജീവിതം അസാധാരണത്വം കൊണ്ട് സമ്പന്നമാണ്.

ഫാത്തിമയുടെ പിതാവ് അബ്ദുൽ പേമാന്‍ ആസ്ട്രേലിയയിൽ എത്തി നാല് വർഷങ്ങൾക്ക് ശേഷം 2003ലാണ് തനിക്ക് എട്ട് വയസുളളപ്പോള്‍ ഫാത്തിമ അമ്മക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ആസ്ട്രേലിയയിലെത്തുന്നത്. അവിടെ അവർ കാണുന്നത് കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും, തനിക്ക് ലഭിക്കാതെ പോയ നല്ലൊരു ഭാവി മക്കൾക്ക് ലഭിക്കാനുമായി പോരാടുന്ന അബ്ദുൽ പേമാനെയാണ്.


'അച്ഛനായിരുന്നു രാഷ്ട്രീയത്തില്‍ ചേരാനുളള പ്രേരണ. നിങ്ങളെ ഞാന്‍ തിരിച്ചു അഫ്ഗാനിലേക്ക് കൊണ്ടുപോകും, എന്ന് എപ്പോഴും പറയുമായിരുന്നു. അവിടെ ചേര്‍ന്ന് നിങ്ങള്‍ മത്സരിച്ചു ജയിക്കണം. ജനങ്ങള്‍ക്ക് സമാധാനവും ക്ഷേമവും ഉറപ്പു വരുത്താനായി പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞിരുന്നു' ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ പറഞ്ഞു. പെര്‍ത്തിലെ ആസ്ട്രേലിയന്‍ ഇസ്‌ലാമിക് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന പേമാന്‍ മെഡിസിനു യൂനിവേഴ്‌സിറ്റില്‍ ചേരുകയും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടക്കുകയുമായിരുന്നു.

2008ലായിരുന്നു ഫാത്തിമ പേമാന്റെ പിതാവ് അബ്ദുൽ പേമാന്‍ മരിച്ചത്. 2022ലാണ് പേമാന്റെ സ്വപ്നം ഫാത്തിമ പൂർത്തിയാക്കിയത്. ആസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച് ഹിജാബ്ധാരിയായ ആദ്യ സെനറ്ററായി 27കാരിയായ ഫാത്തിമ പേമാന്‍ സത്യപ്രതിഞജ ചെയ്തിരിക്കുന്നു. ജൂലൈ 27നായിരുന്നു ഫാത്തിമ ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ആസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഫ്ഗാന്‍- ആസ്‌ട്രേലിയന്‍ പൗരയും, നിലവിലെ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഫാത്തിമ പേമാന്‍.


'തലയില്‍ സ്‌കാര്‍ഫ് ധരിക്കുന്നു എന്നുകരുതി മറ്റുള്ളവര്‍ എന്നെ ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനും അവരെപ്പോലെ ആസ്ട്രേലിയക്കാരിയാണ്' -ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ പറഞ്ഞു. തന്നെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തത് ആസ്‌ട്രേലിയയിലുള്ള എല്ലാ മുസ്‌ലിംകളെയും സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും ഫാത്തിമ പേമാന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ നേട്ടത്തിനും വിജയത്തിനും മരിച്ചുപോയ അച്ഛന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു ഫാത്തിമ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. 'ഈ നേട്ടത്തില്‍ നന്ദി പറയേണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭയാർഥിയായി ഈ മണ്ണില്‍ എത്തിയ എന്റെ അച്ഛനോടാണ്. അച്ഛന്റെ ത്യാഗങ്ങള്‍ മറക്കാന്‍ കഴിയാത്തവയാണ്. അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് എത്രത്തോളമെത്തിയെന്ന് കാണാന്‍ അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്'-സത്യപ്രതിജ്ഞ കൊണ്ടുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ അവർ പറഞ്ഞു. പ്രസംഗം മുഴുവിപ്പിക്കാനാകാതെ തൊണ്ടയിടറിയ പേമാനെ സെനറ്റ് അംഗങ്ങള്‍ ആശ്വസിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Fatima Payman: Meet Australia's first hijab-wearing senator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.