ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ 20കാരൻ തോമസ് മാത്യു ക്രൂക്ക്സ് എന്നയാളാണ് അക്രമിയെന്ന് എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തിന്‍റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ട്രംപിനുനേരെ വെടിയുതിർത്ത ഉടൻ തന്നെ അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് കൊന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് കാമ്പയിൻ സംഘം അറിയിച്ചു.


ട്രംപ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്‍റെ ചെവിക്കാണ് പരിക്കേറ്റത്. ഉടൻ സുരക്ഷാ സേനാംഗങ്ങൾ വേദിയിലെത്തി ട്രംപിനെ പൊതിഞ്ഞു. അടുത്തനിമിഷം തന്നെ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.

ട്രംപിനെ വേദിയിൽനിന്ന് ഇറക്കി വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി. വലത് ചെവിയിൽനിന്ന് രക്തം വാർന്ന നിലയിൽ ട്രംപ് നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സീക്രട്ട് സർവീസും ആഭ്യന്തര സുരക്ഷാ വിഭാഗവും ചേർന്നാണ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
ട്രംപിനുനേർക്കുണ്ടായ ആക്രമണത്തെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം നേതാക്കൾ അപലപിച്ചു.

Tags:    
News Summary - FBI Identifies Trump Rally Shooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.