ഹെൽസിങ്കി: കൂട്ടുകാർക്കൊപ്പം പാർട്ടി നടത്തിയതിനെ ന്യായീകരിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീൻ രംഗത്ത്. പ്രധാനമന്ത്രിയായിരിക്കുമ്പോൾ തന്നെ, തനിക്ക് സ്വകാര്യ ജീവിതത്തിന് അർഹതയുണ്ടെന്നാണ് സന്ന മരീന്റെ വാദം. ''ഞാനുമൊരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ഞാനും സന്തോഷം ആഗ്രഹിക്കാറുണ്ട്. ഈ ജോലിക്കിടെയുണ്ടാകുന്ന സംഘർഷമകറ്റാൻ കൂട്ടുകാർക്കൊപ്പമുള്ള ഉല്ലാസവും തമാശയും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കാറുണ്ട്. ഇതെന്റെ മാത്രം സ്വകാര്യതയാണ്. എന്റെ ജീവിതവും. എന്നാൽ ഒരൊറ്റ ദിവസം പോലും ഞാൻ ഔദ്യോഗിക കർത്തവ്യം മുടക്കിയിട്ടില്ല''-ഹെൽസിങ്കിയിൽ നടന്ന സോഷ്യൽ ഡെമോക്രാറ്റി പാർട്ടി പരിപാടിക്കിടെ കണ്ണീരോടെ സന്ന പറഞ്ഞു.
ഒരു ഭരണാധികാരി തങ്ങൾക്കായി എന്തു ചെയ്തു എന്നാണ് ജനങ്ങൾ വിലയിരുത്തുക. അല്ലാതെ അവർ ഒഴിവുസമയം എങ്ങനെയാണ് ചെലവഴിച്ചത് എന്നല്ലെന്നും 36കാരിയായ സന്ന കൂട്ടിച്ചേർത്തു.
പാർട്ടിക്കിടെ സുഹൃത്തുക്കൾക്കൊപ്പം സന്ന മദ്യപിക്കുന്നതിന്റെയും നൃത്തം വെക്കുന്നതിന്റെയും വിഡിയോ പുറത്തായിരുന്നു.
തുടർന്ന് പ്രധാനമന്ത്രി മയക്ക് മരുന്ന് ഉപയോഗിച്ചുവെന്നും വിമർശനമുയർന്നു. ദിവസങ്ങളോളം സമൂഹമാധ്യമങ്ങളിലെ ചൂടേറിയ വിഷയമായിരുന്നു ഇത്. എന്നാൽ താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അത് തെളിയിക്കാൻ പരിശോധന നടത്തിയെന്നും സന്ന വിശദീകരിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ പാർട്ടി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിയിരുന്നു. കൂട്ടുകാർക്കൊപ്പം നൃത്തം വെച്ചത് ഒരു പ്രധാനമന്ത്രിക്ക് ചേർന്ന നടപടിയായിരുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. സംഭവത്തിൽ സന്ന മരീൻ മാപ്പുപറയാനും നിർബന്ധിതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.