ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തി. ശനിയാഴ്ച വൈകീട്ടോടെയാണ് 219 യാത്രക്കാരുമായി വിമാനം മുംബൈയിലെത്തിയത്. ഇതിൽ 27 പേർ മലയാളികളാണ്.
റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷം യുക്രെയ്നിൽ നിന്നുള്ള ആദ്യ വിമാനമാണിത്. ഡൽഹിയിൽ ഇറങ്ങുന്ന രണ്ടാമത്തെ വിമാനത്തിൽ 251 പേരുണ്ടാകും. ഇതിൽ 17 മലയാളികളാണുള്ളത്. ഒരു ഇന്ത്യക്കാരനെ പോലും യുക്രെയ്നിൽ കുടുങ്ങാൻ അനുവദിക്കില്ലെന്ന് ആദ്യ വിമാനത്തിലെ ഇന്ത്യൻ സംഘത്തെ അഭിസംബോധന ചെയ്ത് റുമേനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ പറഞ്ഞു.
നിലവിൽ യുക്രെയ്നിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നവർ അവരെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഇന്ത്യൻ സർക്കാർ സ്വീകരിക്കുമെന്ന് അറിയിക്കണമെന്നും അംബാസഡർ നിർദേശിച്ചു. 'ഇനി ജീവിതത്തിൽ എന്ത് പ്രതിസന്ധി വരുമ്പോഴും ഫെബ്രുവരി 26 എന്ന ഈ ദിവസം ഓർമിക്കുക. ഓർക്കുക, എല്ലാം ശരിയാകും' -അംബാസഡർ പറഞ്ഞു.
യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് താൻ നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്ന്, ആദ്യ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ 24 മണിക്കൂറും കർമ്മനിരതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.