ഗസ്സയിൽ എയർഡ്രോപ്പിനിടെ ദാരുണാപകടം: ഭക്ഷ്യചാക്കുകൾ തലയിൽ വീണ് ആറു മരണം

ഗസ്സസിറ്റി: ഗസ്സയിൽ ആകാശമാർഗം (എയർഡ്രോപിങ്) ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ആറു പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ആറ് ഫലസ്തീനികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ തലയിൽ പതിച്ചാണ് മരണം സംഭവിച്ചത്. വടക്കൻ ഗസ്സ നഗരമായ ശാത്തി അഭയാർഥി ക്യാമ്പിൽ വരി നിന്നവരുടെ തലയിലാണ് വലിയ ഭക്ഷ്യചാക്കുകൾ പതിച്ചത്.

പാരച്യൂട്ട് നിവരാതിരുന്നതോടെ  വിമാനത്തിൽ നിന്ന് എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ ശക്തിയോടെ ആളുകളുടെ മുകളിൽ പതിക്കുകയായിരുന്നു. ആളുകളുടെ മരണത്തിന് പിന്നാലെ ആകാശമാർഗം വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അതിർത്തി വഴി റോഡ് മാർഗം അവശ്യവസ്തുക്കൾ എത്തിക്കണമെന്നാണ് ആവശ്യം.

ആകാശമാർഗം വഴിയുള്ള വിതരണം ഉപകാരപ്രദമല്ലെന്നും മാനുഷിക സേവനം നടത്തുന്നുവെന്ന പ്രചാരണത്തിന് വേണ്ടിയാണിതെന്നും ഗസ്സ ഭരണകൂടത്തിന്‍റെ മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. 'എയർഡ്രോപിങ് ഗസ്സ മുനമ്പിലെ പൗരന്മാരുടെ ജീവിതത്തിന് ഭീഷണിയാണെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പാഴ്‌സലുകൾ പൗരന്മാരുടെ തലയിൽ വീണപ്പോൾ അത് സംഭവിച്ചു' -അവർ പറഞ്ഞു.

അതേസമയം, അവശ്യവസ്തുക്കൾ കടൽമാർഗം എത്തിക്കാനുള്ള ഇടനാഴി നാളെ സജ്ജമാകുമെന്ന് യൂറോപ്യൻ കമീഷൻ അറിയിച്ചു. മാനുഷിക സഹായ വിതരണത്തിനായി ഗസ്സയിൽ താൽകാലിക തുറമുഖം നിർമിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗസ്സയിലെ നാലിലൊന്ന് പേരെങ്കിലും പട്ടിണിയെ നേരിടുന്നതായി ഐക്യരാഷ്ട്രസഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ കാര്യാലയം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേലിന്‍റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് മാനുഷിക സഹായം എത്തിക്കാൻ സാധിക്കാത്തതാണ് പട്ടിണി രൂക്ഷമാകാനുള്ള പ്രധാന കാരണം. ജനുവരി 23 മുതൽ വടക്കൻ ഗസ്സയിൽ അവശ്യസാധനങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എ എത്തിക്കുന്നതിൽ ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഗസ്സയിൽ ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവും നിർജലീകരണവും കാരണം കഴിഞ്ഞ മാസമാണ് ആദ്യമായി ശിശുമരണം റിപ്പോർട്ട് ചെയ്തത്. അതിനുശേഷം 20 കുട്ടികൾ കൂടി ഈ കാരണത്താൽ മരിച്ചു.

കുഞ്ഞുങ്ങൾക്ക് നൽകാൻ പാലോ മറ്റോ ഗസ്സയിലില്ല. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധവും ഉപരോധവും ആറാം മാസത്തിലേക്ക് കടന്നതോടെ ആകെ മരണം 30,878 ആയി. 72,402 പേർക്ക് പരിക്കേറ്റു.



Tags:    
News Summary - Five killed, several injured as parachute fails to open during aid drop in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.