വാഷിങ്ടൺ: വോട്ടെടുപ്പിനു മുമ്പേ ജനമനസ്സ് പിടിക്കാൻ സംവാദമുഖത്ത് കമല ഹാരിസും ഡോണൾഡ് ട്രംപും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് യു.എസ് ഒരുങ്ങിയിരിക്കെ, ആദ്യമായി ഇരുവരും മുഖാമുഖം വരുന്ന ടെലിവിഷൻ സംവാദം ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30ന് ആരംഭിക്കും. ബൈഡന്റെ പിൻഗാമിയായി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റ് ബാനറിൽ പ്രസിഡന്റ് സ്ഥാനാർഥിത്വം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ സംവാദത്തെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജൂണിൽ ബൈഡൻ-ട്രംപ് സംവാദം നടന്നിരുന്നു. മോശം പ്രകടനത്തിനു പിന്നാലെ, കടുത്ത എതിർപ്പുയർന്നാണ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്.
നിലവിൽ ജനപ്രീതിയിൽ കമല മുന്നിലാണെങ്കിലും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സംവാദത്തിൽ അവരെ പിറകിലാക്കാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. സമ്പദ്‍വ്യവസ്ഥ, കുടിയേറ്റം, ആഗോള പ്രശ്നങ്ങൾ എന്നിവയിലൂന്നിയാണ് ട്രംപിന്റെ പ്രചാരണമെങ്കിലും കമലയോട് അതൃപ്തി പലവട്ടം പരസ്യമാക്കിയത് സംവാദത്തിലും പുറത്തുചാടുമെന്നും അത് തന്നെ തുണക്കുമെന്നും ഇന്ത്യൻ വംശജ കണക്കുകൂട്ടുന്നു.
ഫിലഡെൽഫിയയിലെ നാഷനൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ നടക്കുന്ന സംവാദത്തിൽ കാണികളുടെ സാന്നിധ്യമുണ്ടാകില്ല. അമേരിക്കൻ ടെലിവിഷൻ ശൃംഖലയായ എ.ബി.സിയിൽ തത്സമയം കാണിക്കുന്ന പരിപാടി ബി.ബി.സി അടക്കം ലോകത്തെ മറ്റു ചാനലുകളിലും കാണാം. എ.ബി.സി അവതാരകരായ ഡേവിഡ് മൂറും ലിൻസി ഡേവിസുമാകും പരിപാടി നിയന്ത്രിക്കുക. ചോദ്യങ്ങൾ നേരത്തെ കൈമാറില്ലെന്ന് മാത്രമല്ല, എഴുതിത്തയാറാക്കിയ കുറിപ്പുകൾ അനുവദിക്കുകയുമില്ല. ഒരു പേന, നോട്ട്പാഡ്, കുപ്പിവെള്ളം എന്നിവ മാത്രമാകും അനുവദിക്കുക. വേദിയിൽനിന്ന് ഇടക്ക് ഇറങ്ങിപ്പോകാനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.