ക്വാലാലംപൂർ: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളിൽ വാഴനട്ടുള്ള പ്രതിഷേധം കേരളത്തിലെ പതിവുകാഴ്ചകളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. എത്ര പരാതികൾ നൽകിയിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ തയാറാവാത്ത റോഡുകളിലെ വൻ കുഴികളിൽ വാഴനട്ട് അധികൃതരുടെ ശ്രദ്ധനേടുന്ന ഈ ‘സമരരീതി’ മലയാളികളുടേത് മാത്രമാണെന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ, അത് രാജ്യാന്തര തലത്തിൽതന്നെ അറിയപ്പെട്ട പ്രതിഷേധ മാർഗമമായിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മലേഷ്യയിൽനിന്നുള്ള റിപ്പോർട്ട്.
മലേഷ്യയിലെ സബാഹ് സ്റ്റേറ്റിലാണ് കേരളത്തിലേതുപോലെ റോഡിലെ ഗട്ടറിൽ വാഴനട്ടുള്ള പ്രതിഷേധം അരങ്ങേറിയത്. മഹാത്തിർ അരിപിൻ എന്നയാളാണ് കുഴിയടക്കാൻ റോഡിൽ വാഴനട്ട്, ഇതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. റോഡിലെ ഒറ്റപ്പെട്ട കുഴിയിൽ വാഹനങ്ങൾവീണ് യാത്രക്കാർക്ക് നിരന്തരം അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ ഗൗനിക്കാത്തതിനെ തുടർന്നായിരുന്നു വാഴനട്ടതെന്ന് മഹാത്തിർ പറഞ്ഞു.
‘റോഡ് ഉപയോക്താക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു. വാഴ കുലച്ചശേഷം ഞാനിത് കറുത്ത ടാർ കൊണ്ട് മൂടും’ -ഫേസ്ബുക് പോസ്റ്റിൽ മഹാത്തിർ പരിഹാസരൂപേണ കുറിച്ചു.
ഇതിന്റെ പരിണിത ഫലം പക്ഷേ, കേരളത്തിൽനിന്ന് തീർത്തും വിഭിന്നമായിരുന്നു. മഹാത്തിറിന്റെ ജനുവരി 29ലെ ഫേസ്ബുക് പോസ്റ്റ് വൈറലാവുകയും പലരും അത് ഷെയർ ചെയ്യുകയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അന്നുതന്നെ റോഡിലെ കുഴിയടച്ചു. ഇതിന്റെ ചിത്രം തൊട്ടടുത്ത ദിവസം തന്നെ മിനിസ്‍ട്രി ഓഫ് പബ്ലിക് വർക്സ് ഡിപാർട്മെന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
‘കുഴി ആ ദിവസം തന്നെ അടച്ചിരുന്നു. ഞങ്ങൾ അതിനടുത്തുതന്നെ അറ്റകുറ്റപ്പണികളുമായി ഉണ്ടായിരുന്നു’ -വകുപ്പ് അധികൃതർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് അറ്റകുറ്റപ്പണികളെ ബാധിക്കുന്നുണ്ടെങ്കിലും റോഡുകളുടെ കേടുപാടുകൾ സമയബന്ധിതമായി തീർക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.