ജുബ: കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം ദക്ഷിണ സുഡാനിൽ 1.3 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏജൻസി അറിയിച്ചു.
വെള്ളിയാഴ്ചയാണ് യു.എൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തിറക്കിയത്. വെള്ളപ്പൊക്കം കാരണം ഏകദേശം 3,27,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. ജോംഗ്ലെയ്, നോർത്തേൺ ബഹർ എൽ ഗസൽ, അപ്പർ നൈൽ സംസ്ഥാനങ്ങളിൽ 230,000 പേരെ വെള്ളപ്പൊക്കം ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം 15 പ്രധാന വിതരണ റൂട്ടുകളിൽ ബുദ്ധിമുട്ട് നേരിട്ടതായും റിപ്പോർട്ട് പറയുന്നു. നിലവിലുള്ള വെള്ളപ്പൊക്കവും തീവ്രമായ മഴയും കാരണം പ്രവേശനം കൂടുതൽ വഷളായതായി യു.എൻ ഏജൻസി മുന്നറിയിപ്പ് നൽകി. ദക്ഷിണ സുഡാൻ ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി.
ഇതുവരെ റോഡുകളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും വെള്ളത്തിനടിയിലാകുകയും നിരവധി ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ച് യു.എൻ ഏജൻസികൾ നൽകിയ മുൻകൂർ മുന്നറിയിപ്പുകൾ അനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പട്ടിണി ജനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ സുഡാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.