യു.എസിലുടനീളം ശൈത്യകാല കൊടുങ്കാറ്റുകൾക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം

വാഷിംങ്ടൺ: രാജ്യത്തുടനീളം കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി യു.എസിലെ കാലാവസ്ഥാ പ്രവചകർ. യു.എസിൽ ദേശീയ അവധിക്കാലം കടന്നുവരുന്നതിനൊപ്പമാണ് കാലാവസ്ഥാ മുന്നറിയിപ്പും. കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ നാഷണൽ വെതർ സർവിസ് ഓഫിസിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് സിയറ നെവാഡയിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശീതകാല കൊടുങ്കാറ്റ് വീശിയേക്കും. മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് മേഖലകളിൽ തിങ്കളാഴ്ച മഴയും മഞ്ഞും ഉണ്ടായേക്കും. ഉയരമുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചക്കും മണിക്കൂറിൽ 55 മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതായി അവർ പുറത്തു​വിട്ടു. ഏകദേശം നാല് അടി വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാം. വരാനിരിക്കുന്ന അവധിക്കാല യാത്രകളെ ശീതകാല കൊടുങ്കാറ്റുകൾ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂനമർദ്ദം രാജ്യത്തി​​ന്‍റെ വടക്കുകിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനാൽ ബോസ്റ്റൺ മുതൽ ന്യൂയോർക്ക് വരെയുള്ള പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ന്യൂ ഹാംഷെയർ, വടക്കൻ മെയ്ൻ, അഡിറോണ്ടാക്ക്സ് എന്നിവയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുമുണ്ടായേക്കും.

അതിനിടെ, പസഫിക് നോർത്ത് വെസ്റ്റി​ന്‍റെയും കാലിഫോർണിയയുടെയും ചില ഭാഗങ്ങൾ നേരത്തെ വീശിയ കൊടുങ്കാറ്റി​ന്‍റെ നാശത്തിൽനിന്നും വ്യാപകമായ വൈദ്യുതി മുടക്കത്തിൽ നിന്നും കരകയറുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കാലിഫോർണിയയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാഹനത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പസഫിക് നോർത്ത് വെസ്റ്റിലെ ആയിരക്കണക്കിന് ആളുകൾ നിരവധി ദിവസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതിയില്ലാതെ ഇരുട്ടിൽ തുടരുകയാണ്.

Tags:    
News Summary - Forecasts warn of possible winter storms across US during Thanksgiving week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.