കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയുടെ വിദേശ കടബാധ്യതകൾ ആറ് ബില്യൺ യു.എസ് ഡോളറിൽ കൂടുതൽ. ജനുവരിയിൽ 500 ദശലക്ഷം ഡോളറിന്റെ സോവറിൻ ബോണ്ട് കുടിശ്ശിക തീർപ്പാക്കി. ജൂലൈയിൽ ഒരു ബില്യൺ ഡോളർകൂടി അടക്കണം. കടം തിരിച്ചടയ്ക്കാനുള്ള ആഹ്വാനങ്ങളെ ഇറക്കുമതിക്ക് പണം നൽകാനായി ജനുവരിയിൽ സർക്കാർ എതിർത്തിരുന്നു. അതിനുശേഷം ഭക്ഷ്യവസ്തുക്കൾ, ഗ്യാസ്, വൈദ്യുതി എന്നിവയുടെ ക്ഷാമം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.
അതിനിടെ, രണ്ട് വിമത അംഗങ്ങൾ ശ്രീലങ്ക ഫ്രീഡം പാർട്ടിയിലേക്ക് മടങ്ങിയെത്തി. രൂക്ഷമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഉലയുന്ന രാജപക്സ കുടുംബത്തിന് ഈ തിരിച്ചുവരവ് ആശ്വാസമായി. ജനങ്ങൾ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിട്ടും പ്രസിഡന്റ് ഗോടബയ രാജപക്സയും ജ്യേഷ്ഠൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയും ശ്രീലങ്കയിൽ അധികാരത്തിൽ തുടരുകയാണ്. മറ്റ് അഞ്ച് കുടുംബാംഗങ്ങൾ ജനപ്രതിനിധികളാണ്. അവരിൽ മൂന്ന് പേർ കഴിഞ്ഞ ഞായറാഴ്ച മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
വിമത അംഗങ്ങൾ സർവകക്ഷി സർക്കാർ രൂപവത്കരിക്കുന്നതിനായി പ്രസിഡന്റ് രാജപക്സയുമായി ചർച്ചകൾ നടത്തിയെങ്കിലും പാളുകയായിരുന്നു. വിമതർ നിലപാട് മയപ്പെടുത്തിയതോടെ രാജപക്സ മന്ത്രിസഭയെ നിയമിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് മുന്നിൽ ശനിയാഴ്ച ആരംഭിച്ച തെരുവ് പ്രതിഷേധം ചൊവ്വാഴ്ചയും തുടർന്നു.
ഷിറാസ് ഷിറാസ് എന്ന റാപ്പ് ആർട്ടിസ്റ്റ് പ്രതിഷേധ സ്ഥലത്ത് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചുവെന്ന് റിപ്പോർട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഹരിക്കുന്നതുവരെ ക്ഷമയോടെയിരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ കഴിഞ്ഞ ദിവസം ടെലിവിഷൻ പ്രസംഗത്തിൽ ആഹ്വാനംചെയ്തിരുന്നു. അതിനിടെ വിദേശനാണയ പ്രതിസന്ധി താൻ ഉണ്ടാക്കിയതല്ലെന്നും ടൂറിസം വരുമാനവും വിദേശ പണമൊഴുക്കും കുറയുന്നതാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായതെന്നും പ്രസിഡന്റ് ഗോടബയ രാജപക്സ പറയുന്നു.
അതിനിടെ, ഇന്ത്യയിൽനിന്ന് 11000 മെട്രിക് ടൺ അരികൂടി ശ്രീലങ്കയിലെത്തി. പുതുവത്സര ആഘോഷം അടുത്തെത്തിയിരിക്കെയാണിത്. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളായ സിംഹള, തമിഴ് പുതുവത്സര ആഘോഷങ്ങൾ ഏപ്രിൽ 13, 14 തീയതികളിലാണ്. നീണ്ട പവർ കട്ട്, ഇന്ധനം, ഭക്ഷണം, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമം എന്നിവയിൽ ആഴ്ചകളായി ആളുകൾ പ്രതിഷേധത്തിലാണ്. പ്രസിഡന്റിന്റെ രാജിയാണ് ഇവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.