ബെയ്ജിങ്: കോവിഡ് മഹാമാരിയെത്തുടർന്നുള്ള സാമ്പത്തിക വീണ്ടെടുപ്പിന് കാലതാമസമെടുക്കുമെന്ന സൂചന നൽകി ചൈനയുടെ വിദേശ വ്യാപാരത്തിൽ ഇടിവ്. കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 7.5 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയിൽ 4.5 ശതമാനവും കുറവുണ്ടായി. ഉയർന്ന പലിശനിരക്കിനെത്തുടർന്ന് ആഗോളതലത്തിൽ ആവശ്യം കുറഞ്ഞതാണ് വ്യാപാര ഇടിവിന് കാരണമെന്നു കരുതുന്നു.
ചൈനയുടെ കയറ്റുമതി 283.5 ബില്യൺ ഡോളറായാണ് കുറഞ്ഞത്. ഏപ്രിലിൽ 8.5 ശതമാനത്തിന്റെ അപ്രതീക്ഷിത വളർച്ച നേടിയതിന് പിറകെയാണ് ഈ കുറവ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞമാസം ഇറക്കുമതി 217.7 ബില്യൺ ഡോളറായും കുറഞ്ഞു. ചൈനയുടെ ആഗോള വ്യാപാര മിച്ചം 16.1ശതമാനം കുറഞ്ഞ് 65.8 ബില്യൺ ഡോളറായി. വ്യാപാരത്തിലെ മാന്ദ്യം ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിൽ വിവിധ മേഖലകളിൽ പ്രതികൂല ഫലമുണ്ടാക്കുന്നതാണ്. ഫാക്ടറി ഉൽപാദനത്തിലും ഉപഭോക്തൃ ഇടപാടുകളിലും കുറവുണ്ടാകും. യുവജനങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതിനും ഇത് കാരണമാകും.
ഡിസംബറിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചതോടെ ഫാക്ടറി ഉൽപാദനവും ഉപഭോക്തൃ ചെലവഴിക്കലും കാര്യമായി ഉയർന്നിരുന്നു. എന്നാൽ, ഈ വളർച്ചയുടെ ഉന്നതഘട്ടം കഴിഞ്ഞുപോയതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ചില്ലറ മേഖലയിൽ പണം ചെലവഴിക്കപ്പെടുന്നത് പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതിലാണ്. സാമ്പത്തിക വളർച്ചയെക്കുറിച്ചും തൊഴിൽ നഷ്ടത്തെക്കുറിച്ചുമുള്ള ജനങ്ങളുടെ ആശങ്കയാണ് ഇതിന് കാരണം. നഗരങ്ങളിലെ അഞ്ചിലൊന്ന് തൊഴിലാളികൾ തൊഴിൽ രഹിതരാണെന്ന് ഏപ്രിലിൽ സർക്കാർ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.