കൈറോ: തടവിലാക്കി ഒരാഴ്ചയാകുംമുമ്പേ മുൻ ധനമന്ത്രിയെ ലിബിയൻ സുരക്ഷ സേന വിട്ടയച്ചു. മുൻ മന്ത്രി ഫറാജ് ബൂമതാരിയെയാണ് ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽ വിട്ടയച്ചത്. ലിബിയയിലെ അൽ സാവി ഗോത്രവിഭാഗക്കാരനായ ഫറാജിനെ തടവിലാക്കിയത് അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാജ്യത്തെ പ്രധാന എണ്ണപ്പാടങ്ങൾ അൽ സാവി ഗോത്രക്കാർ അടച്ചുപൂട്ടിയതോടെയാണ് ഫറാജിനെ വിട്ടയക്കാൻ സുരക്ഷാസേന നിർബന്ധിതരായത്.
രണ്ട് ഭരണകൂടങ്ങളായി വിഭജിക്കപ്പെട്ട ലിബിയയിൽ പ്രധാനമന്ത്രി അബ്ദുൽ ഹാമിദ് അദ്ദബീബയെ അനുകൂലിക്കുന്ന ആഭ്യന്തര സുരക്ഷാസേനയാണ് ഫറാജിനെ തടവിലാക്കിയത്. വിവാദ പുരുഷനായ ലിബിയൻ സെൻട്രൽ ബാങ്ക് ഗവർണർ സാദിഖ് അൽ കബീറിനെ മാറ്റണമെന്ന് ഫറാജ് ആവശ്യപ്പെട്ടതാണ് അദ്ദേഹത്തെ തടവിലാക്കാൻ കാരണം. അതേസമയം, ഫറാജിനെ തടവിലാക്കിയത് സംബന്ധിച്ച് അദ്ദബീബ സർക്കാർ പ്രതികരിച്ചിട്ടില്ല. എണ്ണയുൽപാദനം എപ്പോൾ പുനരാരംഭിക്കുമെന്ന് അൽ സാവി ഗോത്രം ഇതുവരെ അറിയിച്ചിട്ടില്ല. പതിനായിരക്കണക്കിന് ബാരൽ എണ്ണയാണ് ദിനേന ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നത്.
2011ൽ നാറ്റോ പിന്തുണയോടെ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കുകയും വധിക്കുകയും ചെയ്തത് മുതൽ വിവിധ രാഷ്ട്രീയ കാരണങ്ങളാലുള്ള പ്രതിഷേധങ്ങളെത്തുടർന്ന് ലിബിയയിലെ എണ്ണപ്പാടങ്ങൾ അടച്ചുപൂട്ടൽ പതിവാണ്. ഇത് ലിബിയയുടെ എണ്ണയുൽപാദനത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.