മാറ്റത്തിന് സമയമായി; രാഷ്ട്രീയം വിട്ട് ഫിൻലൻഡ് മുൻ പ്രധാനമന്ത്രി സന്ന മരീൻ

ഹെൽസിങ്കി: രാഷ്ട്രീയം വിടാനുറച്ച് ഫിൻലൻഡ് മുൻ പ്രധാനമന്ത്രി സന്ന മരീൻ. പാർലമെന്റ് അംഗത്വം രാജിവെച്ച്​ ലണ്ടൻ ആസ്ഥാനമായുള്ള ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ​ ചേഞ്ചിൽ സ്ട്രാറ്റജിക് അഡ്വൈസറായി ചേരാനുള്ള തയാറെടുപ്പിലാണ് സന്ന. 2019ൽ 34ം വയസിൽ അധികാരമേറ്റെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോർഡ് കൂടിയാണ് സന്നയെ തേടിയെത്തിയത്. പ്രധാനമന്ത്രിയായിരിക്കെയാണ് സന്ന ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തിനായി ശ്രമം നടത്തുന്നത്. അത് വിജയം കണ്ടതിൽ അഭിമാനിക്കാം. സോഷ്യൽ ഡെമോക്രാറ്റ്സ് നേതൃസ്ഥാനത്ത് നിന്ന് അവർ ഈമാസാദ്യം ഒഴിഞ്ഞിരുന്നു.

മാറ്റത്തിന് സമയമായി എന്നാണ് സന്ന മരീൻ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങാനുള്ള കാരണമായി പറഞ്ഞത്. ''പുതിയ ചുമതല ഏറ്റെടുക്കാനുള്ള ആവേശത്തിലാണ്. രാജ്യത്തിനു മുഴുവൻ നേട്ടംകൊണ്ടുവരുന്ന ഒരു കാര്യമായിരിക്കും അതെന്നാണ് ഞാനും വിശ്വസിക്കുന്നത്. ഫിൻലൻഡ് ജനതക്കായി നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. പുതിയ ജോലിയും നന്നായി ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. ''-സന്ന കൂട്ടിച്ചേർത്തു.

അതേസമയം, ഭാവിയിൽ രാഷ്ട്രീയത്തിൽ തിരിച്ചെത്താനുള്ള സാധ്യതയും സന്ന തള്ളിക്കളഞ്ഞില്ല. അതല്ലെങ്കിൽ യൂറോപ്യൻ യൂനിയന്റെ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കാനോ സാധ്യതയുണ്ടെന്ന കാര്യവും തള്ളിയില്ല.

കോവിഡ് കാലത്ത് രാജ്യത്തെ സുരക്ഷിതമാക്കാൻ സന്ന എടുത്ത നടപടികൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് എതിരെയും എപ്പോഴും ശബ്ദമുയർത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സന്നയുടെ പാർട്ടി നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് എൻ.സി.പി (നാഷണൽ കോളിഷൻ പാർട്ടി) നേതാവ് പെറ്റേരി ഓർപോയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഫിന്നിഷ് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് സന്ന.

യുക്രെയ്നിലെ റഷ്യൻ അധിനിവേശ​ത്തിനു പിന്നാലെയാണ് സൈനിക നിഷ്പക്ഷത ഉപേക്ഷിച്ച് ഫിൻലൻഡ് നാറ്റോയിൽ ചേരാനുള്ള ചരിത്ര തീരുമാനമെടുത്തത് സന്നയുടെ നേതൃത്വത്തിലാണ്. കഴിഞ്ഞ മേയിൽ ഭർത്താവ് മാർക്കസ് റെയ്ക്കോനെനുമായി വേർപിരിഞ്ഞു. ഹൈസ്കൂൾ കാലംതൊട്ട് സൗഹൃദം തുടരുന്ന ഇരുവരും 2020ലാണ് വിവാഹം കഴിച്ചത്. അഞ്ചു വയസുകാരി എമ്മ മകളാണ്. പാർട്ടികൾ നടത്തിയതടക്കമുള്ള ചില വിവാദങ്ങളും പ്രധാനമന്ത്രിയായിരിക്കുന്ന വേളയിൽ സന്ന നേരിട്ടു.

Tags:    
News Summary - Former finnish Prime Minister Sanna Marin quits politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.