പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; മുൻ ബ്രിട്ടീഷ് പാർലമെന്റ് അംഗം നസീർ അഹമ്മദിന് അഞ്ച് വർഷം തടവ്

ലണ്ടന്‍: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗമായിരുന്ന നാസിര്‍ അഹ്മദിന് അഞ്ചര വര്‍ഷം തടവുശിക്ഷ. 1970കളില്‍ ബ്രിട്ടനിലെ റോത്തര്‍ഹാമില്‍ നടന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍-ബ്രിട്ടീഷ് പൗരനും മുന്‍ ലേബര്‍ പാർട്ടിക്കാരനുമായ നാസിര്‍ അഹ്മദിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ കുട്ടികൾ വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് നാസിറിനെതിരെയുള്ള കോടതി വിധിയിൽ ജസ്റ്റിസ് ലാവന്‍റർ പ്രസ്താവിച്ചു. തന്‍റെ 46 ാമത്തെയും 53 ാമത്തെയും വയസിൽ നാസിർ അഹ്മദ് 16 വയസുള്ള പെണ്‍കുട്ടിക്കെതിരെ രണ്ട് തവണയും 11 വയസുള്ള ആണ്‍കുട്ടിക്കെതിരെയും പീഡന ശ്രമം നടത്തിയതായി കോടതി കണ്ടെത്തുകയായിരുന്നു. ജനുവരിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നാസിറിനെതിരേ കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്.

പാകിസ്താന്‍ അധിനിവേശ കശ്മീരിലാണ് നാസിർ അഹമ്മദ് ജനിച്ചത്. പിന്നീട് ബ്രിട്ടനിലെത്തിയ ഇയാളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ബ്രിട്ടീഷ് നഗരമായ റോത്തര്‍ഹാം കേന്ദ്രീകരിച്ചായിരുന്നു. 1969ല്‍ ബ്രിട്ടനിലെത്തിയ നാസിര്‍ അഹ്മദിനെ 1998ല്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആണ് ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് നിയമിക്കുന്നത്. 2013ല്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് 2020ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നിന്നും ഇയാള്‍ രാജിവെച്ചു. വിവാഹിതനായ നാസിറിന് മൂന്ന് മക്കളുണ്ട്.

Tags:    
News Summary - Former Labour peer Lord Nazir Ahmed jailed for child sex offences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.