ബോഗോട്ട: വിമാനം തകർന്ന് കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. ജേക്കബോംബെയർ മുകുതുയ് (13), സോളിനി ജേക്കോബോംബെയർ മുകുതുയ് (9), റ്റിയാൻ നോറെ റനോക് മുകുതുയ് (4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (11 മാസം) എന്നീ കുട്ടികളെയാണ് 40 ദിവസങ്ങൾക്ക് ശേഷം സൈന്യത്തിന്‍റെ പ്രത്യേക ദൗത്യസംഘം കണ്ടെത്തിയത്.
കൊളംബിയൻ പ്രസിഡന്‍റ് ഗസ്റ്റാവോ പെട്രോയാണ് ട്വീറ്റിലൂടെ സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്. 'രാജ്യത്തിനാകെ സന്തോഷം! 40 ദിവസം മുമ്പ് കൊളംബിയൻ കാട്ടിൽ കാണാതായ 4 കുട്ടികൾ ജീവനോടെ പ്രത്യക്ഷപ്പെട്ടു' -പെട്രോയുടെ ട്വീറ്റ്. കുഞ്ഞുങ്ങൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളതെന്നും സൈന്യം അറിയിച്ചു.
മേയ് ഒന്നിനാണ് കുട്ടികളടക്കമുള്ള സംഘം യാത്ര ചെയ്ത ചെറുവിമാനം വനത്തിൽ തകർന്നു വീണത്. സെസ്ന 206 എന്ന വിമാനം അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ സാൻ ജോസ് ഡേൽ ഗൊവിയാരെ നഗരത്തിലേക്ക് പറന്നുയർന്നത്. 350 കിലോ മീറ്റർ യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ എൻജിൻ തകരാർ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.
ദിവസങ്ങൾക്കു ശേഷം മേയ് 15ന് കുട്ടികളുടെ അമ്മ മഗ്ദലീന മുകുതുയ്, പ്രാദേശിക നേതാവ്, പൈലറ്റ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഭർത്താവ് മാനുവൽ റനോക്കിനൊപ്പം താമസിക്കാനായാണ് അമ്മയും മക്കളോടൊപ്പം ബൊഗോട്ടയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ, കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തു നിന്നും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നാണ് കുട്ടികൾ വിമാനപകടം നടന്ന സ്ഥലത്തു നിന്നും നടന്നു തുടങ്ങിയതായി വ്യക്തമായത്.
കുട്ടികൾ പോയ വഴികളിൽ പാതി കഴിച്ച പഴങ്ങളും ഷൂകളും ഒരു ഡയപറും രക്ഷാ ദൗത്യസംഘം കണ്ടെത്തി. തെളിവുകൾ സൂചിപ്പിക്കുന്നത് കുട്ടികൾ ജീവനോടെയുണ്ടെന്ന് തന്നെയാണെന്ന് ദൗത്യ സംഘം തലവൻ ജനറൽ പെഡ്രോ സാഞ്ചെസ് സ്ഥിരീകരിച്ചു.
കുട്ടികൾക്കായി ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിമാനത്തിലെത്തി പ്രദേശത്ത് വിതറിയിരുന്നു. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ലൗഡ് സ്പീക്കറിൽ കേൾപ്പിച്ചു. പുള്ളിപ്പുലിയുടെയും വിഷപ്പാമ്പുകളുടെയും വിഹാര കേന്ദ്രവും മയക്കുമരുന്ന് കടത്തുന്ന സായുധ സംഘങ്ങളുടെ താവളവുമാണ് ആമസോൺ മഴക്കാട്. ഇവിടെ നിന്നാണ് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.